Latest NewsIndiaNews

ചന്ദ്രയാന്‍ 3: ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ആദ്യ ചുവട് വച്ചത് ഇങ്ങനെ, വീഡിയോ പുറത്തുവിട്ട്‌ ഐഎസ്ആര്‍ഒ 

ബെംഗളൂരു: ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മൊഡ്യൂളിൽ നിന്ന് പുറത്തിറങ്ങിയ റോവർ ചന്ദ്രോപരിതലത്തിൽ യാത്രതുടങ്ങി. ലാൻഡറിൽ നിന്ന് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ ഐഎസ്ആര്‍ഒ. ലാൻഡർ ഇമേജർ കാമറ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

റോവർ ലാൻഡറിന്റെ തുറന്നിട്ട വാതിലിലൂടെ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്ന ദൃശ്യമാണ് പുറത്ത് വന്നത്. റോവറിന്റെ പിൻചക്രങ്ങളിൽ ഐഎസ്ആ‍ർഒയുടെയും അശോകസ്തംഭത്തിന്റെയും മുദ്രകളുണ്ട്. ചന്ദ്രോപരിതലത്തിലെ നേർത്ത പൊടിമണ്ണിൽ ഇന്ത്യന്‍ മുദ്ര പതിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ചന്ദ്രോപരിതലം തൊടുകയും ഇന്ത്യന്‍ മുദ്ര പതിച്ച ശേഷം റോവർ നിൽക്കുന്നത് വരെയുള്ള ദൃശ്യങ്ങളാണ് ഐഎസ്ആ‌ർഒ പുറത്തുവിട്ടിരിക്കുന്നത്.

ബുധനാഴ്ച വൈകിട്ട് 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് പൂർത്തിയാക്കിയത്. ലാൻഡിങ് നടന്ന് നാലുമണിക്കൂറിനു ശേഷം റോവറിനെ പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റോവർ പുറത്തിറങ്ങിയ കാര്യം ഐഎസ്ആർഒ അറിയിച്ചത്. റോവർ മൊബിലിറ്റി പ്രവർത്തനങ്ങളും തുടങ്ങി. ലാൻഡർ മൊഡ്യൂൾ പേലോഡുകളായ ILSA, RAMBHA, CHASTE എന്നിവ ഇന്ന് ഓൺ ചെയ്തതായി ഐഎസ്ആർഒ അറിയിച്ചിരുന്നു.

14 ദിവസമാണ് റോവർ പര്യവേഷണം നടത്തുക. ലാൻഡറും റോവറും സൗരോർജത്തിലാണ് പ്രവർത്തിക്കുക. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button