ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് എഐഎംഐഎം തലവനും ഹൈദരാബാദ് ലോക്‌സഭാ എംപിയുമായ അസദുദ്ദീൻ ഒവൈസി. കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽനിന്ന് സേനാപിന്മാറ്റം ഊർജിതമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ സംഭാഷണത്തിൽ തീരുമാനിച്ചതിനെതിരെയാണ് ഒവൈസി രംഗത്ത് വന്നിരിക്കുന്നത്.
മോദി സർക്കാർ രാജ്യത്തെ ഇരുട്ടിൽ നിർത്തുകയാണെന്ന് ഒവൈസി ആരോപിച്ചു. ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ചുറ്റിക്കറങ്ങുകയാണെന്നും മോദി എന്താണ് മറച്ചുവെക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതിർത്തി പ്രശ്നത്തിൽ എന്തു പരിഹാരവും അംഗീകരിക്കണമെന്നു സേനയ്ക്കുമേൽ മോദി സർക്കാർ സമ്മർദം ചെലുത്തുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
‘ലഡാക്ക് അതിർത്തിയിലെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് സ്വന്തം രാജ്യത്തെ ഇരുട്ടിൽ നിർത്തിയാണ് നമ്മുടെ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താൻ ആവശ്യപ്പെടുന്നത്. മോദി എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നത്? അതിർത്തി പ്രശ്നത്തിൽ എന്ത് പരിഹാരവും അംഗീകരിക്കണമെന്ന് മോദി സർക്കാർ സൈന്യത്തിന്മേൽ സമ്മർദ്ദം ചെലുത്തുന്നത് എന്തുകൊണ്ട്? 2020 മെയ് മാസത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങാൻ നിർബന്ധിക്കാത്തത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് മോദി ചൈനയുടെ നിയമവിരുദ്ധ സൈനിക നീക്കത്തെ എതിർക്കാത്തത്?
എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിക്ക് ഷിക്കെതിരെ നീങ്ങാൻ കഴിയാത്തത്. നമ്മുടെ ധീരരായ സൈനികർ 40 മാസമായി അതിർത്തിയിൽ തങ്ങുകയാണ്. അവരെ തളയ്ക്കാൻ ചൈനയ്ക്ക് കഴിയില്ല. എന്തുകൊണ്ടാണ് മോദിക്ക് ഷിക്കെതിരെ നിൽക്കാനും നമ്മുടെ സൈനികരെ വിശ്വസിക്കാനും കഴിയാത്തത്? ഈ പ്രദേശം നഷ്ടപ്പെടുന്നത് മോദിക്ക് സ്വീകാര്യമാണോ? മോദിയുടെ കീഴടങ്ങൽ ആണിത്. അതിർത്തി പ്രശ്‌നത്തിൽ ചൈനയോടുള്ള സർക്കാരിന്റെ സമീപനം ലജ്ജാകരവും അപകടകരവുമാണ്. ഇത് മോദിയുടെ സ്വകാര്യ സ്വത്തല്ല, രാജ്യസുരക്ഷയുടെ പ്രശ്നമാണ്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ചർച്ച ചെയ്യണം’, ഒവൈസി പറഞ്ഞു.
Post Your Comments