ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയതിന്റെ ചരിത്ര നേട്ടം ആഘോഷിക്കുകയാണ് ഇന്ത്യൻ ജനത. ഈ സമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മാത്രം സോഷ്യൽ മീഡിയയുടെ പരിഹാസങ്ങൾക്ക് പാത്രമായി. ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മയെയും ബോളിവുഡ് നടനും ചലച്ചിത്ര നിർമ്മാതാവുമായ രാകേഷ് റോഷനെയും തമ്മിൽ പരസ്പരം മാറിപ്പോയതാണ് ഈ പരിഹാസങ്ങൾക്ക് കാരണം. ചന്ദ്രയാൻ-3 ലാൻഡർ ചന്ദ്രനിൽ എത്തുന്നതിന് തൊട്ടുമുമ്പ് കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ അമളി.
‘പശ്ചിമ ബംഗാളിലെ ജനങ്ങളുടെ പേരിൽ, ഞാൻ ഐഎസ്ആർഒയ്ക്ക് എന്റെ മുൻകൂർ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ശാസ്ത്രജ്ഞർക്ക് ക്രെഡിറ്റ് ലഭിക്കണം. ക്രെഡിറ്റ് രാജ്യത്തിന് നൽകണം. രാകേഷ് റോഷൻ [sic] ചന്ദ്രനിൽ ഇറങ്ങിയപ്പോൾ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തോട് അവിടെ നിന്ന് നോക്കുമ്പോൾ ഇന്ത്യ എങ്ങനെയെന്ന് ചോദിച്ചു’, ബാനർജി പറഞ്ഞു.
1984 ൽ സോവിയറ്റ് യൂണിയന്റെ സോയൂസ് ടി -11 പര്യവേഷണത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരനാണ് ഇന്ത്യൻ എയർഫോഴ്സ് പൈലറ്റായ രാകേഷ് ശർമ്മ. അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി ബഹിരാകാശത്ത് നിന്ന് തത്സമയ ടെലിവിഷൻ വാർത്താ സമ്മേളനത്തിൽ സംസാരിച്ചിരുന്നു.’ഉപർ സേ ഭാരത് കൈസാ ദിഖ്താ ഹേ ആപ്കോ?’ (ബഹിരാകാശത്ത് നിന്ന് ഇന്ത്യ എങ്ങനെ കാണപ്പെടുന്നു?) എന്ന് ഇന്ദിരാ ഗാന്ധി അദ്ദേഹത്തോട് ചോദിച്ചു. കവി ഇഖ്ബാലിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചു, ‘സാരെ ജഹാൻ സേ അച്ഛാ’ (ലോകത്തെക്കാളും നല്ലത്).
ഇദ്ദേഹത്തെയാണ് ബോളിവുഡ് നടൻ രാകേഷ് റോഷനുമായി മമതയ്ക്ക് മാറിപ്പോയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ‘തമാശ’ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേർ മമത ബാനർജിയെ ട്രോളി രംഗത്തെത്തി. സംഭവം തനിക്ക് പറ്റിയ അമളി ആണെന്ന് പറഞ്ഞതിന് ശേഷവും മമതയ്ക്ക് മനസിലായില്ല. ഇതുവരെ ട്രോളുകളോട് പ്രതികരിക്കാനോ തനിക്ക് പറ്റിയ അബദ്ധം തിരുത്തി പറയാനോ മമത തയ്യാറായിട്ടില്ല.
Post Your Comments