ബെംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്നാണ് ഐഎസ്ആർഓയ്ക്കൊപ്പം ചേര്‍ന്ന് പ്രധാനമന്ത്രി വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശി ആഘോഷമാക്കിയത്.
ഇന്ത്യയുടെ ഈ വിജയത്തെ ഐതിഹാസിക വിജയം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ടീം ചന്ദ്രയാനേയും ഐഎസ്ആർഒ ശാസ്ത്രജ്ഞരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അമ്പിളി മാമൻ ഒരു വിനോദയാത്രയുടെ അകലെ മാത്രമാണെന്ന് കുട്ടികൾ പറയുന്ന കാലം വരുമെന്ന് മോദി പറഞ്ഞു.
ഓഗസ്റ്റ് 23 വൈകുന്നേരം ആറേ കാലോടെയാണ് രാജ്യം ചരിത്ര നേട്ടം കൈവരിച്ചത്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്.
ലാൻഡിങിന്റെ ഭാഗമായുള്ള എഞ്ചിന്റെ പ്രവർത്തനം മൂലം ഉയർന്നുപൊങ്ങുന്ന പൊടിപടലങ്ങൾ അടങ്ങിയതിന് ശേഷം ലാൻഡറിലെ റാമ്പ് തുറക്കുകയും അത് വഴി പ്രജ്ഞാൻ റോവർ പുറത്തുവരികയും ചെയ്യും. റോവറും ലാൻഡറും പരസ്പരം ചിത്രങ്ങൾ എടുത്ത് ഭൂമിയിലേക്ക് അയക്കും. ചന്ദ്രനിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ ചിത്രങ്ങൾ. ഇതോടുകൂടി യഥാർത്ഥ ശാസ്ത്ര പര്യവേക്ഷണ ദൗത്യങ്ങൾക്ക് തുടക്കമാവും.
Post Your Comments