ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3-ന്റെ സോഫ്റ്റ് ലാൻഡിംഗ് ഇന്ന് നടക്കും. 40 ദിവസം നീണ്ട കാത്തിരിപ്പുകൾക്കാണ് ഇന്ന് പരിസമാപ്തി കുറിക്കുക. ഇന്ത്യൻ സമയം വൈകിട്ട് 5.45-ന് ചന്ദ്രനിൽ സൂര്യവെളിച്ചം പരക്കുമ്പോൾ വിക്രം ലാൻഡറിന്റെ ദൗത്യം ആരംഭിക്കുന്നതാണ്. 6.04-നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറങ്ങുക. കൃത്യസമയത്ത് കൃത്യമായ ഉയരങ്ങളിൽ എൻജിനുകൾ ജ്വലിപ്പിച്ചാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ഇന്ന് ലാൻഡർ ചന്ദ്രന്റെ മണ്ണിൽ തൊടുന്ന നിമിഷം ഇന്ത്യ ലോകം കീഴടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തമാകും. കൂടാതെ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഇറങ്ങാൻ തടസമാകുന്ന ചന്ദ്രനിലെ ഗർത്തങ്ങളും മറ്റും പേടകം സ്കാൻ ചെയ്യുന്നതാണ്. തുടർന്ന് അനുയോജ്യമായ ഇടം കണ്ടെത്തിയാൽ മാത്രമാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുകയുള്ളൂ. ഒരു ചാന്ദ്ര പകൽ മാത്രമാകും ലാൻഡറിന്റെയും റോവറിന്റെയും ചന്ദ്രനിലെ ആയുസ്. ഭൂമിയിലെ കണക്കുകൾ പ്രകാരം, 14 ദിവസം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് നിരവധി കാര്യങ്ങളാണ് ചന്ദ്രയാൻ 3 പേടകം പഠിക്കുക. സൗരോർജ്ജത്തിലാണ് ലാൻഡറും റോവറും പ്രവർത്തിക്കുന്നത്.
Also Read: മഹാവിഷ്ണുവിന്റെ അനന്തശയനത്തിനു പിന്നിൽ……
Post Your Comments