ബെംഗളൂരു: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമെന്ന് ഐഎസ്ആർഒ. ദൗത്യം നിർണായക ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. വൈകിട്ട് 5.45 മുതൽ ആണ് സോഫ്റ്റ് ലാൻഡിംഗ് തുടങ്ങുന്നത്. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.
സങ്കീർണവും ഏറ്റവും ആശങ്ക നിറഞ്ഞതുമായ നിമിഷങ്ങളെന്ന് വിശേഷിപ്പിക്കുന്ന ചന്ദ്രയാൻ 3 വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് പ്രക്രിയയിൽ നിയന്ത്രണം ഭൂമിയിലെ വിദഗ്ദരുടെ മാത്രം കൈകളിലല്ല. ദൗത്യത്തിന്റെ വിജയം തീരുമാനിക്കുന്ന നിമിഷങ്ങളിൽ ചന്ദ്രയാൻ 3 നെ നിയന്ത്രിക്കുക അതിലെ കംപ്യൂട്ടർ സംവിധാനങ്ങളും എഐ അധിഷ്ഠിത ഗതി നിർണയവുമാണ്.
ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും. അതി സങ്കീർണമായ അവസാനത്തെ 15 മിനിറ്റുകൾ സമ്പൂർണമായി നിയന്ത്രിക്കുക പേടകത്തിലെ കംപ്യൂട്ടർ ബുദ്ധിയാണ്. പേടകത്തിന്റെ ഗതിനിർണയത്തിന് സഹായകമാവുക മുൻകൂട്ടി തയ്യാറാക്കി നൽകിയ ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്.
മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ. വൈകീട്ട് 6.04 നാണ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
Post Your Comments