Latest NewsKeralaIndia

22 മണിക്കൂര്‍ നീണ്ട ഇ.ഡി. റെയ്ഡ് അവസാനിച്ചു: വീടിനു വെളിയിൽ പ്രതിഷേധവുമായെത്തിയ കോൺഗ്രസുകാരെ അടിച്ചോടിച്ച് സിപിഎം

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ മുന്‍മന്ത്രി എ.സി. മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ആരംഭിച്ച റെയ്ഡ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് അവസാനിച്ചത്. അഞ്ചുമണിയോടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ എ.സി. മൊയ്തീന്റെ വീട്ടില്‍നിന്ന് മടങ്ങി. അന്വേഷണവുമായി സഹകരിക്കുമെന്ന് എ.സി. മൊയ്തീന്‍ പ്രതികരിച്ചു.

‘അവര്‍ വീട്ടില്‍ക്കയറി എല്ലാസ്ഥലവും പരിശോധിച്ചു. എന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഭാര്യയുടേയും മകളുടേയും പേരിലുള്ള വസ്തുവിന്റെ വിവരങ്ങളടക്കം അവര്‍ പരിശോധിച്ചു’, – മൊയ്തീൻ പറഞ്ഞു. അതേസമയം, മൊയ്തീന്റെ വീട്ടില്‍ ഇ.ഡി. പരിശോധന നടക്കുന്നതിനിടെ വീടിന് മുന്നില്‍ സംഘര്‍ഷം ഉണ്ടായി.  മൊയ്തീന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വിരട്ടിയോടിച്ചു. ഇടയ്ക്ക് കയ്യേറ്റവും ഉണ്ടായി. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ 300 കോടിയുടെ ക്രമക്കേട് നടന്നതായിട്ടാണ് വിവരം. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അഞ്ച് പ്രധാന പ്രതികളെയും ഭരണസമിതി അംഗങ്ങളെയും പ്രതി ചേര്‍ത്തിരുന്നു.  തട്ടിപ്പ് നടക്കുമ്പോള്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എ.സി. മൊയ്തീന് വിഷയം അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എ.സി. മൊയ്തിന്‍ വിഷയത്തില്‍ ഇടപെട്ടുവെന്നും തട്ടിപ്പ് പണത്തിന്റെ പങ്ക് പറ്റിയെന്നുമാണ് ആരോപണം. കേസില്‍ ജീവനക്കാരുടെ മൊഴിയും എ.സി. മൊയ്തീന് എതിരാണ്. അതേസമയം വിഷയം ഇ.ഡി. സമഗ്രമായി അന്വേഷിച്ച് വരികയാണ്. പരിശോധന സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. കേരള പോലീസിനെ പോലും വിവരം അറിയിക്കാതെയായിരുന്നു ഇ.ഡി.യുടെ നീക്കം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button