രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ പ്രത്യേക മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പുനരുൽപ്പാദിപ്പിക്കുന്ന സ്രോതസുകളിൽ നിന്നോ, വൈദ്യുതവിശ്ലേഷണത്തിലൂടെയോ, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയിൽ നിന്നും ലഭിക്കുന്ന പുനരുൽപ്പാദന ജൈവവസ്തുവായ ബയോമാസിനെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയയായ ബയോമാസ് കൺവേർഷനിലൂടെയോ ഉത്ഭവിക്കുന്ന ഹൈഡ്രജനെ മാത്രമാണ് ഇനി മുതൽ ‘ഗ്രീൻ ഹൈഡ്രജൻ’ എന്ന് വിശേഷിപ്പിക്കുകയുള്ളൂ. കൂടാതെ, ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുമ്പോൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവും നിശ്ചയിച്ചിട്ടുണ്ട്.
ഓരോ കിലോഗ്രാം ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുമ്പോഴും രണ്ട് കിലോഗ്രാമിൽ താഴെ മാത്രമാണ് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാൻ പാടുള്ളൂ. വൈദ്യുതവിശ്ലേഷണത്തിലൂടെ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുമ്പോൾ, ജലശുദ്ധീകരണം, വാതകശുദ്ധീകരണം, ഹൈഡ്രജൻ കംപ്രഷൻ എന്നീ പ്രവർത്തനങ്ങളിൽ നിന്നും പുറന്തള്ളാവുന്ന കാർബണിന്റെ അളവാണ് രണ്ട് കിലോഗ്രാമായി നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, ഗ്രീൻ ഹൈഡ്രജന്റെയും ഉപോൽപ്പന്നങ്ങളുടെയും അളവ്, നിരീക്ഷണം, സ്ഥിരീകരണം, സർട്ടിഫിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രത്യേക മാനദണ്ഡങ്ങൾ ഊർജ്ജ മന്ത്രാലയം ഉടൻ തന്നെ പുറത്തിറക്കുന്നതാണ്. ആഗോളതലത്തിൽ ഇന്ത്യയെ കാർബൺ രഹിത രാജ്യമാക്കി മാറ്റാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പ്രതിവർഷം അഞ്ച് ദശലക്ഷം ടൺ ഗ്രീൻ ഹൈഡ്രജനാണ് ഇന്ത്യ ഉൽപ്പാദിപ്പിക്കുക.
Also Read: ആകാശത്തു നിന്ന് കൂറ്റന്‍ ഐസ് വീണ് വീട് തകര്‍ന്നു
Post Your Comments