Latest NewsArticleNewsLife StyleFood & CookeryHealth & Fitness

ഓണസദ്യയിലെ വിഭവങ്ങളുടെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാമോ?

ഓണസദ്യയിലെ ഓരോ വിഭവങ്ങൾക്കും നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ട്. ഓണസദ്യയിലെ വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയില്‍ നിന്നു തന്നെ ലഭിക്കും. പൊതുവേ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച സദ്യയിലെ ഓരോ കറിയ്ക്കും അതിന്റെതായ പ്രാധാന്യമുണ്ട്.

ചോറ്

ചെമ്പാവരി ചോറില്‍ ‘ബി’ വൈറ്റമിനുകളും മഗ്‌നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ ആവശ്യ അമിനോആസിഡുകളും ഗാമാ – അമിനോബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നത് തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.

പരിപ്പ്, പപ്പടം, നെയ്യ്

ഏത് സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യ അധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണിത്. ആരോഗ്യകരമായ യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു.

നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒമേഗ 3 ഫാറ്റി – ആസിഡുകള്‍, വൈറ്റമിന്‍ എ, ആരോഗ്യകരമായ കൊഴുപ്പുകളും നെയ്യിലുണ്ട്. മൃദുത്വമുള്ളതും തിളങ്ങുന്നതുമായ ചര്‍മം കൈവരിക്കുന്നതിന് ഇതിലുള്ള പോഷകഘടകങ്ങളായ ഫാറ്റിആസിഡുകള്‍ സഹായിക്കുന്നു.

Read Also : രാജ്യത്തിന്റെ ഇലക്ട്രിക് സ്വപ്നങ്ങൾക്ക് ഊർജ്ജം പകർന്ന് കേരളം, ഇലക്ട്രിക് വാഹന വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവ്

ഇഞ്ചിക്കറി

ഇഞ്ചിക്കറി നൂറു കറികള്‍ക്ക് തുല്യമാണ്. ദഹന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണിത്. ഇഞ്ചിയിലുള്ള ബയോആക്ടീവ് സംയുക്തമായ ജിഞ്ചറോള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളേയും ശരീരത്തിലേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നു.

അച്ചാര്‍

നാരങ്ങ, മാങ്ങ എന്നിവയാണ് അച്ചാറുകള്‍. ഇത് വൈറ്റമിന്‍ സി യുടെ നല്ലൊരു സ്രോതസ്സാണ്. നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. പച്ചമാങ്ങ ശരീരത്തിന്റെ ചൂട് കുറച്ച് ശരീരോഷ്മാവ് കൃത്യമാക്കുന്നു. ഇത് അകാലവാര്‍ധക്യത്തില്‍ നിന്നു സംരക്ഷിക്കുന്നു.

കിച്ചടി

വെള്ളരിക്കയും പാവയ്ക്കയും ആണ് മലയാളികള്‍ കിച്ചടിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. വെള്ളരിയ്ക്ക ശരീരത്തിലെ വിഷാംശത്തെ പുറംതള്ളുന്നു. അസിഡിറ്റി ഉള്ളവര്‍ക്ക് നല്ലൊരു ഔഷധമാണിത്. പാവയ്ക്കയില്‍ ധാരാളം ഇരുമ്പ്, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, ബീറ്റകരോട്ടീന്‍, കാല്‍സ്യം എന്നിവയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.

പച്ചടി

പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ എന്നിവയെല്ലാം ചേര്‍ത്ത് പച്ചടി തയാറാക്കാം. പൈനാപ്പിളിലുള്ള ബ്രേമിലിന്‍ എന്ന എന്‍സൈമുകള്‍ ദഹനത്തിന് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ ബീറ്റാസിയാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളായ (LDL) നെ കുറയ്ക്കുന്നു. മത്തങ്ങ വൈറ്റമിന്‍ സി, ഇ, ബീറ്റാകരോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മത്തങ്ങയില്‍ ധാരാളം മഗ്‌നീഷ്യവും പൊട്ടാസ്യവുമുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്.

അവിയല്‍

പലതരത്തിലുള്ള പച്ചക്കറികളും, തേങ്ങയും ചേര്‍ത്ത് തയാറാക്കുന്ന അവിയല്‍ സദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും പോഷകക്കുറവ് നികത്തുന്നതിനും സഹായിക്കുന്നു. വൈറ്റമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണിത്.

സാമ്പാര്‍

ആരോഗ്യപരമായി ഏറെ ഗുണമുള്ള ഒന്നാണ് സാമ്പാര്‍. പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണിത്. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം അകറ്റുന്നു. പരിപ്പ് സാമ്പാറിന്റെ ഒരു പ്രധാന ചേരുവയാണ്. അതുകൊണ്ട് പ്രോട്ടീന്‍ സമ്പുഷ്ടമാണ് സാമ്പാര്‍. വെണ്ടയ്ക്ക, വെള്ളരിയ്ക്ക, പടവലങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക എന്നിങ്ങനെ ചേരുന്നു ഇതിന്റെ കൂട്ടുകള്‍.

തോരന്‍

പഴയകാല ഓണസദ്യയില്‍ തോരനായി ചേനത്തണ്ടും ചെറുപയറുമാണ് ഉപയോഗിച്ചിരുന്നത്. കാബേജ്, അച്ചിങ്ങ പയര്‍ എന്നിവ വച്ചും തോരന്‍ തയാറാക്കാറുണ്ട്. കാബേജിലുള്ള സള്‍ഫോറാഫാന്‍, ഗ്ലൂട്ടാമിന്‍ എന്നിവ ആന്റിഇന്‍ഫ്‌ളമേറ്ററി ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നു.

പുളിശ്ശേരി (കാളന്‍), മോര്, രസം

മോരിൽ പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം മോരിന് പ്രധാന സ്ഥാനമാണുള്ളത്. മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ മോരിലുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹനപ്രശ്‌നങ്ങളും അകറ്റുന്നു. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക്, റൈബോഫ്ലേവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങളുമുണ്ട്. അണുബാധകള്‍ക്കും വൈറസ് ബാധകള്‍ക്കുമെതിരായ നല്ലൊന്നാന്തരം മരുന്നാണ് രസം. സുഗന്ധവ്യഞ്ജനങ്ങളാല്‍ തയാറാക്കുന്ന രസം ദഹനത്തിന് സഹായിക്കുന്നു.

പായസം

വിവിധ തരത്തിലുള്ള പായസങ്ങള്‍ ഓണത്തിന് തയാറാക്കാറുണ്ട്. അടപ്രഥമനും പാല്‍പ്പായസവുമാണ് അതില്‍ പ്രധാനം. ശര്‍ക്കര കൊണ്ട് തയാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ധാരാളമായിട്ടുണ്ട്. എന്നാല്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ നിറഞ്ഞതാണ് പാല്‍പ്പായസം.

ചുക്കുവെള്ളം

സദ്യയ്ക്ക് ശേഷം ഒരു ഗ്ലാസ് ചുക്കുവെള്ളം കുടിക്കാന്‍ മറക്കരുത്. ഇഞ്ചിയുടെ ഗുണങ്ങളുള്ള ചുക്കിന് സദ്യയുണ്ടതിന്റെ ക്ഷീണം മാറ്റാനും ആഹാരം പെട്ടെന്ന് ദഹിപ്പിക്കാനും സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button