കൊല്ലം: പൊതുമരാമത്ത് വകുപ്പിനെ ശക്തമായി വിമർശിച്ച് കെബി ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം മണ്ഡലത്തിലെ റോഡുകൾക്ക് വേണ്ട വിധത്തിൽ പരിഗണന നൽകുന്നില്ല. സിനിമ താരമെന്ന പരിഗണന വേണ്ട, കേരള നിയമസഭയിലെ സീനിയർ എംഎൽഎയാണെന്ന പരിഗണന നൽകണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. വേണ്ട വിധത്തിൽ റോഡുകൾ തരുന്നില്ല.പക്ഷേ ജി.സുധാകരൻ തന്നിരുന്നു. അദ്ദേഹം തന്നതിന് നന്ദിയുണ്ട്.
ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി കെട്ടിടങ്ങൾ തരുന്നുണ്ട്. രവീന്ദ്രൻ മാഷിനെയും പ്രത്യേകം ഓർക്കുന്നു. അദ്ദേഹം ഒരു പാട് സ്‌കൂളുകൾക്ക് പണം തന്നു. വലിയൊരു ഉണർവ് വിദ്യാഭ്യാസ രംഗത്ത് അന്നുണ്ടായി. സത്യം എവിടെയാണെങ്കിലും പറയണം. ഇപ്പോ കിട്ടിയ രണ്ട് റോഡും വെട്ടിക്കവല ബ്ലോക്കിലാണ്. പത്തനാപുരം ബ്ലോക്കിൽ ഈ വർഷം നൂറ് മീറ്റർ റോഡ് പോലും അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മണ്ഡലത്തിന് വേണ്ടതൊന്നും തരുന്നില്ലെന്ന പരാതിയുണ്ട്. അത് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അത് ശരിയല്ല, എന്നെ പോലെ സീനിയർ ആയിട്ടുള്ള എംഎൽഎ കേരള നിയമസഭയിൽ അഞ്ച് തവണ ജയിച്ചുവന്ന അപൂർവം ആൾക്കാരെയുള്ളു. ഉമ്മൻചാണ്ടി സാർ മരിച്ചതിന് ശേഷം ഞാനും വിഡി സതീശനും റോഷി അഗസ്റ്റിനും കോവൂർ കുഞ്ഞുമോനും നാലെ നാല് പേരാണ് അഞ്ച് തവണ തുടർച്ചയായി ജയിച്ചുവന്നത്.
അങ്ങനെയുള്ള ആളുകളെ ഒന്ന് മാനിക്കണമെന്ന അഭിപ്രായം എനിക്കുണ്ട്. ഇതിൽ സിനിയോറിറ്റി ഒക്കെയുണ്ട്. സിനിമനടൻ ആണെന്ന പരിഗണനയൊന്നും വേണ്ട. ഇവരെക്കാളുമൊക്കെ 20 വർഷം മുൻപ് മന്ത്രിയായ ആളാണ് ഞാൻ. ആ ഒരു മര്യാദ കാണിക്കണമെന്നാണ് എൻറെ അഭിപ്രായമെന്ന് എംഎൽഎ വ്യക്തമാക്കി.
Post Your Comments