തിരുവനന്തപുരം: മുഖ്യമന്ത്രിയും മകളും കരിമണൽ വ്യവസായിയിൽ നിന്നും മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങൾ നേരിടാൻ പോലും സിപിഎം സെക്രട്ടറി എംവി ഗോവിന്ദന് ധൈര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണ-പ്രതിപക്ഷ നേതാക്കളെ കുറിച്ച് ഇത്രയും ഗൗരവമേറിയ ആരോപണമുയർന്നിട്ടും സംസ്ഥാന അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ പോലും വിളിപ്പിക്കാത്തത് കേരളത്തിൽ നിയമ സംവിധാനം തകർന്നതിന്റെ ഉദാഹരണമാണ്. 96 കോടി രൂപയാണ് ഭരണ-പ്രതിപക്ഷങ്ങൾക്ക് മാസപ്പടി കിട്ടിയതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു. വ്യവസായം നടത്താനുള്ള തടസങ്ങൾ നീക്കാനാണ് പണം കൊടുത്തതെന്നാണ് കരിമണൽ വ്യവസായി പറയുന്നത്. ഇത് നിയമപരമായി കൈക്കൂലിയാണ്. മുഖ്യമന്ത്രിയും മകളും മാസപ്പടി വാങ്ങിയത് അഴിമതി നിരോധന നിയമം 13(1) (ഡി) യിൽ വരുന്നതാണ്. ഇത് മുഖ്യമന്ത്രിയുടെ അധികാര ദുർവിനിയോഗമാണ്. യുഡിഎഫിന് ഈ വിഷയം ഉന്നയിക്കാനാവില്ല. കാരണം അവരുടെ നേതാക്കൾക്കും ഇതിൽ പങ്കുണ്ടല്ലോയെന്ന് അദ്ദേഹം പറഞ്ഞു.
മാസപ്പടിക്കാരുടെ സംയുക്ത സമ്മേളനമാണ് പുതുപ്പള്ളിയിൽ കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണ-പ്രതിപക്ഷം ഒരുമിച്ച് അഴിമതി നടത്തുന്നത് കേരളത്തിൽ മാത്രമാണ്. ബ്രഹ്മപുരത്ത് തീപ്പിടുത്തമുണ്ടായപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. കേരളത്തിലെ അന്വേഷണ ഏജൻസികൾ ഇടപെടാത്തതിനാൽ കേന്ദ്ര ഏജൻസികളെ സമീപിക്കും. അങ്കമാലി ഫോർ കാലടി എന്ന പോലെ സതീശൻ ഫോർ പിണറായി എന്നാണ്. പുതുപ്പള്ളി കേരളത്തിലെ ഏറ്റവും അവികസിത മണ്ഡലങ്ങളിലൊന്ന്. 53 വർഷമായി അവിടുത്തെ ജനപ്രതിനിധിയായ വ്യക്തിയും ഏഴു വർഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാരും പുതുപ്പള്ളിയുടെ കാര്യത്തിൽ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ മലയാളികൾക്ക് സാധിക്കുന്നില്ല. സപ്ലൈകോയിൽ ഒരു സാധനവുമില്ലെന്ന സാഹചര്യമാണ്. ഓണചന്ത വന്നാൽ എല്ലാ സാധനങ്ങളും ലഭ്യമാവുമെന്നാണ് മന്ത്രി പറയുന്നത്. ഓണാഘോഷത്തിന്റെ പേരിൽ കോടികൾ പൊടിക്കുകയാണ് സർക്കാർ. 87 ലക്ഷം പേർക്ക് കൊടുക്കേണ്ട കിറ്റ് ഇത്തവണ 7 ലക്ഷം പേർക്കാണ് കൊടുക്കുന്നത്. റെവന്യൂ ഡെഫിസിറ്റി ഗ്രാന്റിന്റെ പേരിൽ കള്ളപ്രചരണം ആവർത്തിക്കുകയാണ്. സർക്കാർ എല്ലാ കാര്യത്തിലും പരാജയമാണ്. ഗണപതി അവഹേളനം പരാമർശിക്കില്ലെന്നാണ് രണ്ട് മുന്നണിയും പറയുന്നത്. എന്നാൽ അത് ചർച്ചയാവുമെന്നുറപ്പാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷും സംബന്ധിച്ചു.
Read Also: മുടി സംരക്ഷിക്കുന്നതിന് രാത്രിയിൽ പിന്തുടരേണ്ട എളുപ്പവഴികൾ ഇവയാണ്
Post Your Comments