KeralaLatest NewsNews

അറിവും സാങ്കേതികവിദ്യയും എല്ലാവർക്കും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ കാലഘട്ടത്തിലെ അറിവുകളും സാങ്കേതികവിദ്യകളും എല്ലാവർക്കും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: മോദി രാജ്യത്തെ മുസ്ലീങ്ങളുടെ ‘മന്‍ കി ബാത്ത്’ കേള്‍ക്കണം: ഡല്‍ഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി

അറിവിനെ കുത്തകവൽക്കരിക്കുന്നതിനെതിരെ രൂപംകൊണ്ട സ്വതന്ത്ര സോഫ്റ്റ്വെയർ എന്ന ആശയത്തിന് വലിയ പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന നാടാണിത്. ഇന്റർനെറ്റ് അവകാശമാക്കിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനവും കേരളമാണ്. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക്കും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ഡിജിറ്റൽ സയൻസ് പാർക്കും യഥാർത്ഥ്യമാക്കിയ സംസ്ഥാനവും കേരളമാണ്. എല്ലാ നിയോജക മണ്ഡലങ്ങളിലും സ്മാർട്ട് ക്ലാസുകളുൾപ്പെടെ ഡിജിറ്റൽ വിദ്യാഭ്യാസരംഗത്ത് അതുല്യമായ നേട്ടങ്ങൾ നമ്മുടെ സംസ്ഥാനം കൈവരിച്ചു കഴിഞ്ഞു. സാർവത്രികമായി ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം കെ ഫോൺ പദ്ധതി നടപ്പാക്കിയത്. ഇന്നത് ലോകശ്രദ്ധയിലേക്ക് ഉയർന്നിരിക്കുകയാണ്. മാറുന്ന കാലത്തിനനുസരിച്ച് അറിവിന്റെ സ്വതന്ത്ര്യവും സാർവത്രികമായ ലഭ്യതയും ഉറപ്പാക്കാനുള്ള ഇടപെടലുകൾ നടത്തിയാണ് നമ്മുടെ നാട് മുന്നോട്ടുപോകുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് സർക്കാരിന്റെ ഇത്തരം ഇടപെടലുകൾ. അതേസമയം നൂതന സാങ്കേതികവിദ്യകളെ സർക്കാർസേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനു ഉപയോഗപ്പെടുത്തി സമ്പൂർണ്ണ ഇ-ഗവേണൻസ് സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിജ്ഞാന സ്വാതന്ത്ര്യമെന്നത് ഇക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. നൂതന സാങ്കേതികവിദ്യ വേഗത്തിൽ വളരുന്ന ഈ കാലഘട്ടത്തിൽ പല അറിവുകളും ചില പ്രത്യേക വിഭാഗങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അത് സുസ്ഥിരവികസന കാഴ്ചപ്പാടുകളെത്തന്നെ പിന്നോട്ടടിപ്പിക്കുന്നു. അറിവ് മാനവരാശിയുടെ മുന്നേറ്റത്തിനുള്ള പൊതുവായ ആയുധമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അതിന് വിരുദ്ധമായ നിലയാണ് ഇതിലൂടെ ഉണ്ടാകുന്നത്. അറിവിനെ കൊള്ളലാഭം കൊയ്യാനുള്ള ഉപാധിയാക്കുന്ന പ്രവണതയാണിത്. പലരും പുറന്തള്ളപ്പെട്ടു പോകുന്ന ഈ അവസ്ഥയുടെ നേരെ എതിർ ദിശയിലാണ് ഫ്രീഡം ഫെസ്റ്റ് സഞ്ചരിക്കുന്നത്. വിജ്ഞാന സ്വാതന്ത്ര്യം എന്ന ആശയത്തിന് മികച്ച രീതിയിലുള്ള സ്വീകാര്യതയാണ് നമ്മുടെ നാട്ടിൽ ലഭിച്ചിട്ടുള്ളത്. അതിന് പല കാരണങ്ങളുണ്ട്. ലോകത്ത് നടക്കുന്ന ഏത് പുരോഗമനകാര്യവും വളരെ വേഗം മനസ്സിലാക്കാൻ ശ്രമിക്കുന്നവരാണ് കേരളീയർ. നൂതന സാങ്കേതിക വിദ്യയുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. എന്നാൽ ആധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിനും അവ പ്രയോഗിക്കുന്നതിനും നമുക്ക് സാമ്പത്തികവും സ്ഥല സംബന്ധവുമായ ചില പരിമിതികളുണ്ട്. അവയെ എപ്രകാരം മറികടക്കാമെന്ന ചിന്തയാണ് സ്വതന്ത്ര സോഫ്റ്റ് വ്വെയർ പോലെയുള്ള ആശയത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കേരളത്തിന് പ്രോത്സാഹനമായതെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ നൂതന സാങ്കേതിക വിദ്യയോടും അറിവിന്റെ സാർവത്രികമായ വിതരണത്തോടും കേരളസമൂഹത്തിന്റെ ആഭിമുഖ്യത്തെ കൂടുതൽ വർധിപ്പിക്കാൻ ഫ്രീഡം ഫെസ്റ്റ് പോലുള്ള പരിപാടികൾ ഉതകും. വിജ്ഞാന സ്വാതന്ത്ര്യം സാധ്യമാകണമെങ്കിൽ അറിവിന്റെ ഉല്പാദനത്തിലും പ്രയോഗത്തിലും വിതരണത്തിലും പൊതുജന സ്പർശിയായ ഇടപെടലുകൾ ഉണ്ടാകണം. ക്ലാസ് മുറികളെ കേവലം അറിവിന്റെ വിതരണ കേന്ദ്രങ്ങൾ മാത്രമാക്കാതെ, അറിവ് സൃഷ്ടിക്കുന്ന ഇടങ്ങൾ ആയിക്കൂടി മാറ്റുന്നതിനുള്ള നടപടികളാണ് സർക്കാർ നടത്തുന്നത്. സ്വതന്ത്രവിജ്ഞാനം പ്രയോജനപ്പെടുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ നാം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ഫലമായി ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ നമ്മുടെ സ്‌കൂളുകളിലേക്ക് എത്തി എന്നത് ശ്രദ്ധേയമാണ്. കുറച്ചു മാസങ്ങൾക്കു മുൻപാണ് 2000 സ്‌കൂളുകളിൽ 9000 ഓപ്പൺ ഹാർഡ്വെയർ അധിഷ്ഠിത റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കിയത്. അത് 12 ലക്ഷം കുട്ടികൾക്ക് പ്രയോജനപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മദ്യം കുടിപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button