ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങളിൽ അടിമുടി മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ ഇന്നലെ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐപിസി) പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനല്‍ നടപടി (സിആര്‍പിസി) ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ പേരുകളിലുള്ള ബില്ലുകളാണ് ആഭ്യന്തരമന്ത്രി അവതരിപ്പിച്ചത്.
ഇതിൽ പ്രധാനമാണ് രാജ്യദ്രോഹനിയമം. പുതിയ ബില്ലുകള്‍ പ്രകാരം രാജ്യദ്രോഹ നിയമം ഉണ്ടാവില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഇതോടെ ഇത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കേസുകൾക്ക് ബാധകമാണോ എന്ന സംശയം വിവിധ ഇടങ്ങളിൽ നിന്നായി ഉയർന്നു. ഇക്കാര്യത്തിലും അമിത് ഷാ വിശദീകരണം നൽകി. നിയമപുസ്തകത്തിൽ നിന്ന് രാജ്യദ്രോഹ നിയമം നീക്കം ചെയ്യുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും, നിലവിൽ ഇത് ചുമത്തിയവർക്ക് ആശ്വാസത്തിന്റെ നെടുവീർപ്പ് എടുക്കാൻ കഴിയില്ല. 2023 ലെ ഭാരതീയ ന്യായ സംഹിത (ബിൽ), ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളെയോ നടപടികളെയോ ബാധിക്കില്ല.
കഴിഞ്ഞ വർഷം സുപ്രീം കോടതി രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഐപിസി (രാജ്യദ്രോഹം) സെക്ഷൻ 124 എ നിലനിർത്താൻ ലോ കമ്മീഷൻ അടുത്തിടെ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. എന്നിരുന്നാലും, രാജ്യദ്രോഹ നിയമം റദ്ദാക്കുന്നത് മുൻ ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിനും രാജ്യദ്രോഹക്കുറ്റം നേരിടുന്ന മറ്റുള്ളവർക്കും പ്രയോജനം ചെയ്യില്ല. കാരണം ക്ലോസ് 356 (2) നിലവിലുള്ള അന്വേഷണങ്ങളെയും നടപടികളെയും റദ്ദാക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നു. എന്നിരുന്നാലും, പുതിയ ബില്ലിലെ ക്ലോസ് 150 പ്രകാരം, ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവൃത്തികൾക്ക് ജീവപര്യന്തം അല്ലെങ്കിൽ ഏഴ് വർഷം വരെ നീണ്ടുനിൽക്കുന്ന തടവും പിഴയും ശിക്ഷയായി നിർദേശിക്കുന്നുമുണ്ട്.
ഇത് കൂടാതെ ആള്‍ക്കൂട്ട കൊലപാതകത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്കും വധശിക്ഷയും. കൂട്ട ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് 20 വര്‍ഷത്തെ തടവുശിക്ഷയും ബില്ലിലുണ്ട്. ഐപിസിയില്‍ 511 വകുപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഭാരതീയ ന്യായ സംഹിതയില്‍ 356 വകുപ്പുകളായിരിക്കും ഉണ്ടാവുക. 175 വകുപ്പുകള്‍ ഭേദഗതി ചെയ്യും. പുതിയ ബില്ലുകള്‍ പ്രകാരം രാജ്യദ്രോഹനിയമം ഉണ്ടാവില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ വോട്ടിന് വേണ്ടി പണം നല്‍കുന്നവര്‍ക്ക് തടവുശിക്ഷയും നല്‍കും. തട്ടിക്കൊണ്ട് പോകല്‍, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് പത്ത് വര്‍ഷം തടവും പിഴയും. ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചാല്‍ മൂന്ന് വര്‍ഷം തടവും പിഴയും, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭച്ഛിദ്രം ചെയ്താല്‍ ജീവപര്യന്തം തടവ്, അല്ലെങ്കില്‍ പത്ത് വര്‍ഷം തടവും പിഴയും തുടങ്ങിയവ ഭാരതീയ സാക്ഷ്യ സംഹിതയില്‍ പറയുന്നു.
Post Your Comments