വിഘ്നങ്ങളകലാൻ ഗണേശ സ്തുതി

ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നത് നാമൊക്കെയും ചെയ്യുന്ന ആരാധനാ രീതികളിൽ ഒന്നാണ്. ഈ സമ്പ്രദായം കേരളത്തിൽ മാത്രമല്ല. ഭാരതമൊട്ടുക്കും പൗരാണിക കാലംതൊട്ടുതന്നെ നിൽനിൽക്കുന്ന ഒന്നാണ്.

‘വലം കയ്യാൽ വാമശ്രവണവുമിട കൈവിരലിനാൽ

വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയിൽ

നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി-

ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്‌നം ഗണപതേ!’

മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്, ഏത്തമിടേണ്ടത്. അതായത്, വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകൾ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകൾ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരു വിധിയില്ല. എന്നാൽ, ഗണപതി സന്നിധിയിൽ പ്രധാനവുമാണ്. ഇടതു കാലിൻമേൽ ഊന്നിനിന്ന് വലത്ത് കാൽ ഇടത്തുകാലിന്റെ മുമ്പിൽക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരൽ മാത്രം നിലത്തു തൊടുവിച്ച് നിൽക്കണം.

ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുൻവശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്. ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്.

സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തിൽ ചെയ്യാറുണ്ട്. ഇത്തരത്തിൽ ചെയ്യുന്ന ഭക്തരിൽ നിന്നും വിഘ്‌നങ്ങൾ മാഞ്ഞുപോകുമെന്നാണ് വിശ്വാസം. ഇതിനൊപ്പം ഞൊട്ടയുടെ ശബ്ദം കേൾക്കുന്നത് ഗണപതിക്ക് പ്രിയങ്കരമാണെന്നാണ് വിശ്വാസം.

Share
Leave a Comment