ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂര്‍ത്തികളില്‍ പ്രധാനിയും സംഹാരത്തിന്റെ മൂര്‍ത്തിയുമാണ് പരബ്രഹ്മമൂര്‍ത്തിയായ ‘പരമശിവന്’. (ശിവം എന്നതിന്റെ പദാര്‍ത്ഥം: മംഗളകരമായത്, സ്നേഹം) ശിവന് എന്നാല്‍ ‘മംഗളകാരി’ എന്ന് അര്‍ത്ഥമുണ്ട്. ‘അന്പേ ശിവം’ എന്നാല്‍ സ്നേഹം എന്നാണ് അര്‍ത്ഥം.ത്രിമൂര്‍ത്തികള്‍ ഉള്‍പ്പെടെ അഞ്ചുമുഖങ്ങളും ചേര്‍ന്ന ബ്രഹ്മം അഥവാ പരബ്രഹ്മം ശിവനാകുന്നു. ശിവന് എന്നാല്‍ മംഗളകരമായത്, സത്യമായത്, സുന്ദരമായത് എന്നാണ് അര്‍ത്ഥം. ശിവന്റെ അഞ്ച് മുഖങ്ങള്‍ തന്നെ ആണ് സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങള്‍ക്ക് ആധാരം അതിനാല്‍ ശിവനെ പഞ്ച വക്ത്രന്‍ എന്ന് വിളിക്കുന്നു. ബ്രഹ്മാവ്, മഹാവിഷ്ണു, മഹാരുദ്രന്, മഹേശ്വരന്, സദാശിവന് ഇവയാണ് പരബ്രഹ്മമൂര്‍ത്തിയായ പരമേശ്വരന്റെ അഞ്ച് മുഖങ്ങള്‍.നിര്‍ഗുണ പരബ്രഹ്മവും, പരമാത്മാവും, ഓംകാരവും, സച്ചിദാനന്ദ സ്വരൂപവും, സര്‍വേശ്വരനും, ആദിദേവനും, ദേവാദിദേവനും എല്ലാം ശിവന് തന്നെ ആകുന്നു. അതിനാല്‍ തന്നെ സര്‍വ്വ ചരാചരവും ശിവശക്തിമയമാണ്.
ബ്രഹ്മാവിനും, മഹാവിഷ്ണുവിനും കോടി സൂര്യ തേജസ്സുള്ള ശിവലിംഗത്തിന്റെ ആദിയും, അന്തവും കാണാന്‍ സാധിക്കാതെ വന്നപ്പോള്‍ മഹേശ്വരന് ആദിശക്തി സമേതനായി ശിവശക്തി സ്വരൂപത്തില്‍ പ്രത്യക്ഷമായി ദര്‍ശനം നല്കി എന്ന് പുരാണങ്ങളില്‍ പ്രതിപാദിക്കുന്നു അതിനാല്‍ മഹാദേവനെ ആദിദേവന്‍ എന്ന് വിളിക്കുന്നു. ലോകരക്ഷാര്‍ത്ഥം കാളകൂടവിഷം പാനം ചെയ്ത് ത്യാഗത്തിന്റെ മകുടോദാഹരണം ഭഗവാന് ലോകത്തിന് കാണിച്ചു കൊടുത്തു അതിനാല്‍ മഹാദേവനെ നീലകണ്ഠന് എന്ന് വിളിക്കുന്നു. സര്‍വ്വ ചരാചരത്തിന്റെയും, സര്‍വ്വ ഗുരുക്കന്മാരുടെയും, വേദങ്ങളുടെയും മൂലഗുരു ആയതിനാല്‍ മഹേശ്വരനെ ദക്ഷിണാമൂര്‍ത്തി എന്ന് വിളിക്കുന്നു. സര്‍വ്വവും ശിവനില്‍ അടങ്ങുന്നു എന്നതിനാല്‍ പരമശിവന്, പരമേശ്വരന്, സര്വേശ്വരന്, ഈശ്വരന്, മഹേശ്വരന്, സാംബ സദാശിവന് എന്നീ എണ്ണമറ്റ അനന്തമായ നാമങ്ങളില്‍ ഭഗവാന് അറിയപ്പെടുന്നു.
പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവന് തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാല്‍ മനസ്സിലാവുന്നത്. പരബ്രഹ്മം, ഓംകാരം, ലോകനാഥന് എന്നിവ ശ്രീപരമേശ്വരന് തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാല്‍ ആദിപരാശക്തിയുമായ ദേവി പാര്‍വ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതി-പുരുഷന്) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്.
ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ആരാധിക്കുന്നത്. അതിനാല്‍ ദേവാധിദേവന്, മഹേശ്വരന് എന്ന് വിളിക്കപ്പെടുന്നു. ബ്രഹ്മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങള്‍ തന്നെയാണെന്നും ശൈവര്‍ വിശ്വസിക്കുന്നു.ബ്രഹ്മാവ്, വിഷ്ണു, സരസ്വതി, ലക്ഷ്മി തുടങ്ങിയ എല്ലാ ദേവതകളും സര്‍വ്വ ചരാചരങ്ങളും ശിവശക്തി (അര്‍ദ്ധനാരീശ്വരന്‍)യാണ് സൃഷ്ടിച്ചു പരിപാലിക്കുന്നതെന്ന് ശിവപുരാണം, സ്കന്ദപുരാണം ഇതര പുരാണങ്ങളില്‍ പ്രതിപാദിക്കുന്നു.
Post Your Comments