തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ മാസപ്പടി വിവാദം സിപിഎമ്മിന് തലവേദനയാകുന്നു. ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. വീണ വിജയന് മാസപ്പടി ലഭിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: സ്കൂട്ടറിൽ കറങ്ങിനടന്ന് കഞ്ചാവ് വില്പന: യുവാവ് പിടിയിൽ
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട കമ്പനിയില്‍ നിന്ന് ഏത് പശ്ചാത്തലത്തിലാണ് വീണ വിജയന്‍ ഇത്രയധികം തുക വാങ്ങിയെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നാണ് കുഴല്‍നാടന്‍ പറഞ്ഞത്. ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുമെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തിലെ വിവാദ കരിമണല്‍ കമ്പനിയാണ് വീണയുടെ എക്‌സാലോജിക്കിന് പണം നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് ലഭിച്ചത് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപയാണ്. സോഫ്റ്റ് വെയര്‍
സേവനങ്ങള്‍ക്കായി വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് 2017 മാര്‍ച്ചില്‍ കരാറുണ്ടാക്കി. ഇവയനുസരിച്ച് വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപയും എക്‌സാലോജിക്കിന് പ്രതിമാസം 3 ലക്ഷവും നല്‍കി.
കമ്പനി എംഡിയും വീണയായതിനാല്‍ ഈ ഇനത്തില്‍ പ്രതിമാസം എട്ടു ലക്ഷം രൂപ ലഭിക്കുന്നത് വീണയുടെ കൈകളിലേക്ക് തന്നെയാണ്. ലഭ്യമായ കണക്കനുസരിച്ച് വീണയ്ക്ക് 55 ലക്ഷം, എക്‌സാലോജിക്കിന് 1.17 കോടി എന്നിങ്ങനെ മൊത്തം 1.72 കോടി രൂപ കിട്ടി. നല്‍കാത്ത സേവനത്തിനാണ് ഈ പണം എന്ന് വ്യക്തമാക്കി ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് വിധി വന്നതാണ് സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കും ഒരുപോലെ തിരിച്ചടിയായത്. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സമയത്ത് തന്നെ ബോര്‍ഡ് തീര്‍പ്പ് വന്നതാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്.
Post Your Comments