Latest NewsNewsIndia

തൊഴിൽ രഹിതയായ ഭാര്യയെ ജോലി ചെയ്യുന്ന കമ്പനിയുടെ പേ റോളിൽ ഉള്‍പ്പെടുത്തി, 10 വർഷമായി മാനേജർ തട്ടിയത് കോടികൾ: അറസ്റ്റ് 

ന്യൂഡല്‍ഹി: തൊഴിൽ രഹിതയായ ഭാര്യയെ ജോലി ചെയ്യുന്ന കമ്പനിയുടെ പേ റോളിൽ ഉള്‍പ്പെടുത്തി കോടികൾ വെട്ടിച്ച കേസില്‍ കമ്പനി മാനേജർ അറസ്റ്റിൽ. സ്വകാര്യ റിക്രൂട്ട്‌മെന്റ് കമ്പനിയിലെ ജീവനക്കാരനാണ് അറസ്റ്റില്‍ ആയത്. തന്റെ ഭാര്യയെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തി 10 വർഷത്തിലേറെയായി കമ്പനിയെ കബളിപ്പിച്ച് കോടികൾ ആണ് ഇയാൾ തട്ടിയത്.

2008ൽ സ്ഥാപനത്തിൽ അസി. മാനേജരായി ജോലിയിൽ പ്രവേശിച്ച രാധാബല്ലവ് നാഥിനെതിരെയാണ് പരാതി. ഇയാൾ പിന്നീട് മാനേജർ ആയി സ്ഥാനക്കയറ്റം നേടി. കമ്പനിയുടെ ചെലവിൽ തന്റെ ജോലിയില്ലാത്ത ഭാര്യക്ക് സ്ഥിരമായ വരുമാനം ഉണ്ടാക്കാൻ ഇയാൾ പദ്ധതി തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ രേഖകളിൽ കൃത്രിമം നടന്നതായി തിരിച്ചറിഞ്ഞതോടെ കമ്പനി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ച, ഡല്‍ഹി പൊലീസിൽ പരാതി നൽകി. സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതിനാൽ, ഡയറക്ടർ (ഹ്യൂമൻ റിസോഴ്‌സ്), ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ (സിഎച്ച്ആർഒ), രാധാബല്ലവ് നാഥ് എന്നീ മൂന്ന് ഓഫീസർമാർക്ക് മാത്രമേ പ്രതിമാസ ശമ്പളവും റീഇംബേഴ്‌സ്‌മെന്റ് ഡാറ്റയും ആക്‌സസ് ചെയ്യാൻ കമ്പനി അനുവദിച്ചിരുന്നുള്ളൂ. ഈ സാഹചര്യം മുതലാക്കിയാണ് ആരുമറിയാതെ ഇയാൾ ഭാര്യയെ പേറോളിൽ അനധികൃതമായി ഉൾപ്പെടുത്തിയത്.

രാധാബല്ലവ് നാഥിനെ 2022 ഡിസംബർ 11ന് സസ്‌പെൻഡ് ചെയ്യുകയും 2022 ഡിസംബർ 8ന് അന്വേഷണത്തിനായി ആഭ്യന്തര കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. രേഖകൾ ഹാജരാക്കിയപ്പോൾ, 2012 മുതൽ തന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3.6 കോടി രൂപ അനധികൃതമായി ട്രാൻസ്ഫർ ചെയ്തതായി ഇയാൾ സമ്മതിച്ചു. സ്വന്തം ശമ്പളം പെരുപ്പിച്ച് കാണിച്ച് 60 ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി ട്രാൻസ്ഫർ ചെയ്തു. മൊത്തം 4.2 കോടി രൂപ കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം സമ്മതിച്ചു. തട്ടിപ്പ് പണം ഉപയോ​ഗിച്ച് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ഡല്‍ഹി, ജയ്പൂർ, ഒഡീഷയിലെ തന്റെ ജന്മസ്ഥലം എന്നിവിടങ്ങളിൽ വസ്തുവകകൾ വാങ്ങാനും പണം ഉപയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button