KeralaLatest NewsNews

സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഒരുക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: നവീന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ ഒരുക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫിനാൻഷ്യൽ സർവീസസ് ആൻഡ് എക്‌സലൻസ് ലീപ് കോ വർക്ക്‌സ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Read Also: മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും ഒഴികെ ആര്‍ക്കും ഒരു സുരക്ഷയുമില്ല : കെ.സുരേന്ദ്രന്‍

ഓരോ ദിവസവും മാറുന്ന തൊഴിൽ സാഹചര്യമാണ് നിലവിൽ ലോകത്തുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഭാവിയിൽ തൊഴിൽ രംഗം കീഴടക്കാൻ സാധ്യതയുണ്ട്. അതുകൂടി പ്രയോജനപ്പെടുത്തി നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ വൻകിട രാജ്യാന്തര കമ്പനികളിലെ തൊഴിലുകൾ നമ്മുടെ നാട്ടിലിരുന്ന് തന്നെ ചെയ്യാൻ ലീപ് സെന്ററുകളിലൂടെ സാധ്യമാകും. ബഹുരാഷ്ട്ര കമ്പനികളുടെ വികേന്ദ്രീകൃത തൊഴിലടങ്ങൾക്ക് സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ സാധ്യതകൾ ഏറെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പരിപാടിയിൽ വിദേശരാജ്യങ്ങളിലെ നികുതിരംഗത്ത് തൊഴിലവസരങ്ങൾ ലഭ്യമാക്കി യുവ പ്രഫഷണലുകളെ വാർത്തെടുക്കാനായി അസാപ് കേരള സംഘടിപ്പിച്ച എന്റോൾഡ് ഏജന്റ് പ്രോഗ്രാമിന്റെ ആദ്യ ബാച്ച് പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റും ജോലി ലഭിച്ചവർക്ക് ഓഫർ ലെറ്ററുകളും വിതരണം ചെയ്തു. വിദ്യാർഥികൾക്ക് പുത്തൻ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന ശില്പശാലകൾ, സ്റ്റാർട്ടപ്പ് എക്‌സ്‌പോ എന്നിവയും അനുബന്ധമായി സംഘടിപ്പിച്ചു.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ 55 ലക്ഷം രൂപ ചെലവഴിച്ചാണ് ലീപ് സെന്റർ ഒരുക്കിയിട്ടുള്ളത്. 42 പേർക്ക് ഒരേസമയം ജോലി ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ കേന്ദ്രത്തിലുണ്ട്. മികച്ച രീതിയിൽ രൂപകല്പ്പന ചെയ്ത തൊഴിലിടങ്ങൾ, അതിവേഗ ഇന്റർനെറ്റ്, മീറ്റിങ് റൂമുകൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. വർക് നിയർ ഹോം ചെയ്യുന്നവർക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകൾക്കും ഈ സൗകര്യം ഗുണകരമാകും. സ്റ്റാർട്ടപ്പുകൾക്ക് വിദഗ്‌ധോപദേശം നേടാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും വഴിയൊരുങ്ങും. മറ്റു സ്റ്റാർട്ടപ്പുകളുമായി സഹകരിക്കാനും നിക്ഷേപ സാധ്യതകൾ തുറക്കാനും ലീപ് സെന്റർ സഹായകരമാകും.

കുളക്കട അസാപ് സ്‌കിൽ പാർക്കിൽ നടന്ന പരിപാടിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ്, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല, ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, അസാപ് കേരള സി എം ഡി ഡോ ഉഷ ടൈറ്റസ്, എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ മാനേജിങ് ഡയറക്ടർ ഹരിപ്രസാദ് കൃഷ്ണപിള്ള, ജി ആർ 8 അഫിനിറ്റി സർവീസ് ഇന്ത്യ ഓപ്പറേഷൻസ് ടാക്‌സ് ഡയറക്ടർ എൻ അനീഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read Also: ഡിജിറ്റൽ സയൻസ് പാർക്ക് ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് ഒന്നിനു തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button