തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാരെ കബളിപ്പിച്ച് പോലീസ് ജീപ്പ് തട്ടിക്കൊണ്ടു പോയി. പാറശാല പരശുവയ്ക്കലിനു സമീപം കുണ്ടുവിളയിലാണ് സംഭവം. പൊതുസ്ഥലത്തിരുന്നു മദ്യപിച്ച രണ്ട് പേർക്ക് പിന്നാലെ ജീപ്പ് നിര്‍ത്തി പോലീസുകാർ ഓടിയപ്പോൾ സംഘത്തിലുണ്ടായിരുന്ന മൂന്നാമൻ പോലീസ് ജീപ്പുമായി മുങ്ങുകയായിരുന്നു. എന്നാല്‍, അമിതവേഗതയില്‍ പാഞ്ഞ ജീപ്പ് അല്‍പ്പസമയത്തിനകം നിയന്ത്രണം തെറ്റി റോഡരികിലെ മതിലിൽ ഇടിച്ചു നിന്നു.
സംഭവത്തിൽ പരശുവയ്‌ക്കൽ സ്വദേശി ഗോകുല്‍ അറസ്റ്റില്‍ ആയി. സിവിൽ പോലീസ് ഓഫീസർമാര്‍ അടങ്ങുന്ന പട്രോൾ സംഘം സഞ്ചരിച്ച വാഹനമായിരുന്നു ഇവർ തട്ടിയെടുത്തത്.
പോലീസ് വാഹനം വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളുടെ പിന്നാലെ ജീപ്പിൽ നിന്നിറങ്ങി പോലീസ് സംഘം ഓടിയതും സമീപത്ത് ഇരുളില്‍ ഒളിച്ചിരിക്കുകയായിരുന്ന ഗോകുൽ ജീപ്പുമെടുത്ത് കടന്നുകളയുകയായിരുന്നു. ചിറക്കോണത്തിനു സമീപത്തുവച്ച് ജീപ്പ് നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന് കാര്യമായ തകരാർ സംഭവിച്ചു. തകർന്ന ജീപ്പിനെ ക്രെയിനിന്റെ സഹായത്തോടെയാണ് പാറശ്ശാല പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
പിടിയിലായ ഗോകുൽ സീരിയൽ മേഖലയിൽ മേക്കപ്പ് അസിസ്റ്റന്റാണ്. മോഷണം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഗോകുലിനെതിരേ പാറശ്ശാല പോലീസ് ചുമത്തിയിട്ടുള്ളത്. ഗോകുലിന് ഒപ്പമിരുന്ന് മദ്യപിച്ചവരെ പിടികൂടാനായില്ല. ഓടിപ്പോയ മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.
Post Your Comments