ആലപ്പുഴ: ഇന്നലെ പുലർച്ചെ ആലപ്പുഴ തായങ്കരിയിൽ കാർ കത്തി നശിച്ച് അകത്തിരുന്നയാൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ ഉടമയായ എടത്വ മാമ്മൂട്ടിൽ ജയിംസ്‌കുട്ടി ജോർജ് (49) തന്നെയാണ് മരിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചു. കാറിന് തീവെച്ചത് ജെയിംസ്‌കുട്ടി തന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഏറെക്കുറെ പൂർണമായും കത്തിയ മൃതദേഹ അശിഷ്ടങ്ങൾക്കിടയിൽനിന്നു ലഭിച്ച സൂചനകളാണ് മരിച്ചത് ജെയിംസ്‌കുട്ടിയാണെന്ന് സ്ഥിരീകരിച്ചത്.
മുൻപ് ഇയാളുടെ കൈയ്ക്ക് ഒടിവുണ്ടായതിനെ തുടർന്ന് ഇട്ടിരുന്ന കമ്പി വീട്ടുകാർ തിരിച്ചറിഞ്ഞു. സംസ്‌കാരം എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടന്നു. രോഗബാധിതനായിരുന്ന ജയിംസ്‌കുട്ടി മദ്യപിച്ച് വീട്ടുകാരുമായി വഴക്കിടുന്നത് പതിവായിരുന്നു. രാത്രിയിൽ വീട്ടിൽ നിന്ന് മുൻപും ഇറങ്ങിപ്പോയിരുന്നു.കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഇത്തരത്തിൽ വീട്ടിൽ നിന്നിറങ്ങിയ ജെയിംസ്‌കുട്ടി കാറിനുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ആധാരം ഉൾപ്പെടെ നശിപ്പിക്കുകയാണെന്ന് ജയിംസ്‌കുട്ടി ഒരു സുഹൃത്തിനു സന്ദേശം അയച്ചിരുന്നു. മക്കളുടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ കത്തിച്ചതായാണ് വിവരം. പുലർച്ചെ മൂന്നു മണിയോടെ കാർ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. എടത്വ പൊലീസ് അറിയിച്ചതനുസരിച്ച് നാലു മണിയോടെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും കാർ പൂർണമായും കത്തിയിരുന്നു. പിന്നീട് ഒൻപതു മണിക്കൂറോളം നീണ്ട ആശങ്കകൾക്ക് ഒടുവിലാണ് മരിച്ചത് ജയിംസ് കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ജോയിസ് ആണ് ജെയിംസിന്റെ ഭാര്യ മക്കൾ. ആൽവിൻ, അനീറ്റ (ഇരുവരും വിദ്യാർത്ഥികൾ).
Post Your Comments