നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദഫലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ മേഖല ബാങ്കായ സിഎസ്ബി ബാങ്ക്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 132.23 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം സമാനപദവുമായി താരതമ്യം ചെയ്യുമ്പോൾ 15.46 ശതമാനം അധികമാണ് ഇത്തവണത്തെ ലാഭം. എന്നാൽ, ഇക്കഴിഞ്ഞ മാർച്ച് പാദത്തിലെ 156.34 കോടി രൂപയേക്കാൾ 15.42 ശതമാനം കുറവുമാണിത്.
ബാങ്കിന്റെ പ്രവർത്തനലാഭം വാർഷികാടിസ്ഥാനത്തിൽ 154.72 കോടി രൂപയിൽ നിന്നും 17 ശതമാനം വർദ്ധിച്ച് 181.43 കോടി രൂപയായിട്ടുണ്ട്. മാർച്ച് പാദത്തിൽ ഇത് 201.88 കോടി രൂപയായിരുന്നു. അതേസമയം, മൊത്തം വരുമാനം വാർഷികാടിസ്ഥാനത്തിൽ 590.78 കോടി രൂപയിൽ നിന്നും 36.27 ശതമാനം വർദ്ധിച്ച് 805.04 കോടി രൂപയിൽ എത്തി. ഇത്തവണ ബാങ്കിന്റെ കോർപ്പറേറ്റ് വായ്പകളിൽ 16 ശതമാനവും, റീട്ടെയിൽ വായ്പകളിൽ 41 ശതമാനവും, ചെറുകിട സംരംഭ വായ്പകളിൽ 6 ശതമാനവുമാണ് മുന്നേറ്റം കൈവരിച്ചത്.
Post Your Comments