Latest NewsKerala

ദര്‍ശനയുടെ ഭർതൃ പിതാവ് യുവതിയോട് ‘പോയി ചാകാൻ’ ആവശ്യപ്പെടുന്നതിൻ്റെ ഓഡിയോ പുറത്ത് വിട്ട് കുടുംബം

വയനാട്: വിഷം കഴിച്ച ശേഷം കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയും മകള്‍ ദക്ഷയുമാണ് പുഴയിൽ ചാടി മരിച്ചത്. ഭര്‍തൃ വീട്ടിൽ നിന്നുമേറ്റ ക്രൂരമായ പീഡനങ്ങളെ തുടർന്നാണ് കുട്ടിയെയും കൊണ്ട് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് പൊലീസ്, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി.

ജൂലൈ 13ന് ഉച്ചകഴിഞ്ഞാണ് അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ദര്‍ശന വിഷം കഴിച്ചശേഷം മകള്‍ക്കൊപ്പം വെണ്ണിയോട് പുഴയില്‍ ചാടിയത്. ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങളെ തുടർന്നായിരുന്നു മകള്‍ മരിച്ചതെന്ന് അമ്മ വിശാലാക്ഷി പറഞ്ഞു. ദര്‍ശനയുടെ ഫോണിൽ റെക്കോര്‍ഡ് ചെയ്ത ഭർതൃ പിതാവ് അസഭ്യം പറയുന്നതിൻ്റെയും ‘പോയി ചാകാൻ’ ആവശ്യപ്പെടുന്നതിൻ്റെയും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടു. 2016 ഒക്ടോബര്‍ 23 നായിരുന്നു വെണ്ണിയോട് സ്വദേശി ഓംപ്രകാശുമായി ദർശനയുടെ വിവാഹം.

മാസങ്ങള്‍ കഴിയുംമുമ്പേ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. വിവാഹസമ്മാനമായി ലഭിച്ച ആഭരണങ്ങളെ ചൊല്ലിയും പൂക്കോട് വെറ്ററിനറി കോളജില്‍ ജോലി ചെയ്തു ലഭിച്ച തുകയെ ചൊല്ലിയും തർക്കങ്ങളുണ്ടായിരുന്നതായും 2022 മാര്‍ച്ചില്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു.

ഭര്‍തൃ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ദർശന രണ്ടു തവണ ഗര്‍ഭം അലസിപ്പിച്ചിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന ദർശനയോട് മൂന്നാം തവണയും ഗർഭമലസിപ്പിക്കാൻ ആവശ്യപ്പെട്ടത് മകളെ മാനസികമായി തളര്‍ത്തിയിരുന്നതായും അമ്മ പറഞ്ഞു. ആറര വര്‍ഷത്തോളം നീണ്ട പീഡനങ്ങള്‍ക്കൊടുവിലായിരുന്നു മകൾ ജീവനൊടുക്കിയതെന്നും നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാൻ ഭർതൃവീട്ടുകാർ തയ്യാറായില്ല.

shortlink

Post Your Comments


Back to top button