കോട്ടയം: രാത്രി വൈകിയും വഴിയുലുടനീളം കാത്തു നില്‍ക്കുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കമുള്ള വൻ ആള്‍ക്കൂട്ടത്തിൽ അലിഞ്ഞാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര. പ്രിയ നേതാവിനെ അവസാനമായി ഒരു വട്ടം കൂടി കാണാൻ ആയിരങ്ങളാണ് ഓരോ സ്ഥലത്തും കാത്തുനിൽക്കുന്നത്. വഴി നീളെയുള്ള ജനത്തിരക്ക് കാരണം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് സ്വന്തം നാടായ കോട്ടയം പുതുപ്പള്ളിയിലേയ്ക്കുള്ള വിലാപ യാത്ര മണിക്കൂറുകള്‍ വൈകിയാണ് നീങ്ങുന്നത്.
ജില്ലയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മനാടായ പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ച രാവിലെ മുതലാണ് നിയന്ത്രണം. കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ ഒരു മണി മുതൽ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചുണ്ട്.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ വ്യാഴാഴ്ച 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12ന് പുതുപ്പള്ളിയിലെ വസതിയിൽ ശുശ്രൂഷ. ഒന്നിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്കു വിലാപയാത്ര. 2 മുതൽ 3.30 വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതുദർശനം. 3.30നു സമാപനശുശ്രൂഷ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടത്തും. 5ന് അനുശോചന സമ്മേളനം നടക്കും.
Post Your Comments