ടെക് ലോകത്തെ ഏറ്റവും വലിയ ചുവടുവെപ്പായ നിർമ്മിത ബുദ്ധിയുമായി കൈകോർക്കാൻ ഒരുങ്ങി രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ്. റിപ്പോർട്ടുകൾ പ്രകാരം, എഐ ഓട്ടോമേഷൻ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി നിലവിലുള്ള ഒരു ക്ലൈന്റുമായാണ് ഇൻഫോസിസ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഏകദേശം അഞ്ച് വർഷത്തിലധികം നിൽക്കുന്നവയാണ് ഈ കരാറുകൾ. 16,400 കോടി രൂപയാണ് ഇവയുടെ ഇടപാട് മൂല്യം.
ടാറ്റാ കൺസൾട്ടൻസി സർവീസ്, വിപ്രോ എന്നീ ഐടി കമ്പനികൾക്ക് പിന്നാലെയാണ് നിർമ്മിത ബുദ്ധിയിൽ ഇൻഫോസിസും ചുവടുകൾ ശക്തമാക്കുന്നത്. ഡാറ്റ അനലിറ്റിക്സും, ജനറേറ്റീവ് എഐയും സംയോജിപ്പിക്കുന്ന ഇൻഫോസിസ് ടോപാസ് എന്ന പുതിയ പ്ലാറ്റ്ഫോമിനെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ മെയ് മാസത്തിൽ കമ്പനി നടത്തിയിരുന്നു. നിലവിൽ, എഐയിൽ 25,000 എൻജിനീയർമാർക്ക് പരിശീലനം നൽകാൻ ടിസിഎസ് തീരുമാനിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺ എഐയുടെ ജനറേറ്റീവ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി അതിവേഗത്തിൽ വളർച്ച പ്രാപിച്ചതോടെയാണ്, ഭൂരിഭാഗം കമ്പനികളും ഐഎ ഫീച്ചറുകൾ പ്രയോജനപ്പെടുത്തുന്നത്.
Post Your Comments