കരകവിഞ്ഞൊഴുകിയ യമുനാ നദിയിലെ ജലനിരപ്പ് താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിലായി മഴ നേരിയ തോതിൽ ശമിച്ചതോടെയാണ് നദിയിലെ ജലം ഉൾവലിയാൻ ആരംഭിച്ചത്. നിലവിൽ, യമുനയിലെ ജലനിരപ്പ് അപകടനിലയിൽ നിന്നും കരകയറിയെങ്കിലും, ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കാശ്മീരി ഗേറ്റ് പോലുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് മൂലം വൻ തോതിൽ ചളിയടിഞ്ഞിട്ടുണ്ട്. ഇത് പൂർവസ്ഥിതിയിലെത്താൻ താമസം എടുക്കുമെന്നാണ് വിലയിരുത്തൽ.
ഐഒടി മേഖലയിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. അതേസമയം, ഡൽഹിയിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, കാശ്മീരി ഗേറ്റ് പ്രദേശത്തെ ടിബറ്റൻ കോളനിയിൽ വൻ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് ടിബറ്റൻ മാർക്കറ്റിൽ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ വരെ അവധിയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് 21,504 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ദുരിതബാധിതർക്ക് ഇതിനോടകം ഡൽഹി സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments