കാൻപൂർ: വസ്തു തർക്കത്തെ തുടർന്ന് സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം കൊണ്ടുപോകാനായി ഒല ക്യാബ് വിളിച്ച് നോയിഡയിൽ നിന്ന് മഹാരാജ്പൂറിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് യുവാക്കൾ പിടിയിലായത്.
ഇവർ വിളിച്ച കാറിന്റെ ഡിക്കിയിലേക്ക് മൃതദേഹം വലിച്ച് കയറ്റുന്നതിനിടയിൽ ചാക്കിൽ നിന്ന് രക്തം താഴേയ്ക്ക് വീഴുന്നത് കാർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ, ഇയാൾ പൊലീസ് സഹായം തേടി. കുസും കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
കുടുംബ സ്വത്തിലെ നാൽപത് കോടിയേക്കുറിച്ചുള്ള തർക്കത്തിന് പിന്നാലെയായിരുന്നു കൊലപാതകം. മഹാരാജ്പൂറിലെത്തിച്ച് മൃതദേഹം മറവ് ചെയ്യാനായിരുന്നു യുവാക്കളുട പദ്ധതി. എന്നാൽ, ചാക്കിനുള്ളിൽ അനങ്ങുന്നത് പോലെ തോന്നി ശ്രദ്ധിച്ചപ്പോഴാണ് രക്തം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ റൈഡ് എടുക്കില്ലെന്ന് ഡ്രൈവർ യുവാക്കളോട് പറഞ്ഞു. യുവാക്കൾ കയ്യേറ്റം ചെയ്യാനും ആക്ഷേപിക്കാനും തുടങ്ങിയതോടെ ഇവിടെ നിന്ന് രക്ഷപ്പെട്ട ഡ്രൈവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് അന്വേഷണത്തിലാണ് സമീപഗ്രാമത്തിൽ നിന്ന് യുവതിയെയും ഭർതൃ സഹോദരനേയും കാണാനില്ലെന്ന് പൊലീസ് കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തിൽ ഒല ഡ്രൈവറായ മനോജിന്റെ കാർ ബുക്ക് ചെയ്തവരെ പൊലീസ് കണ്ടെത്തി. ഞായറാഴ്ചയാണ് ഫത്തേപൂരിൽ നിന്ന് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്.
Post Your Comments