ഭീകര സാന്നിധ്യത്തെ തുടർന്ന് ഓപ്പറേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് ഭീകരരുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. ഭീകരവാദികളെ തുരത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ആരംഭിച്ചത്. പൂഞ്ച് മേഖലയിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടക്കുന്നതിന്റെ ഭാഗമായി, പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലെ രാത്രിയോടെയാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ നടപടികൾ ആരംഭിച്ചത്.
ജൂലൈ 11ന് നൗഷേര സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ സൈന്യം പിടികൂടിയിരുന്നു. ഏകദേശം രണ്ട് ദിവസത്തോളം നീണ്ടുനിന്ന ഓപ്പറേഷനിൽ ഒരു ഭീകരനാണ് കൊല്ലപ്പെട്ടത്. കൂടാതെ, പരിക്കേറ്റ രണ്ട് പേർ പാക് അതിർത്തി കടക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരനിൽ നിന്നും എകെ 47 റൈഫിൾ, എകെ മാഗസിനുകൾ, 9 എംഎം പിസ്റ്റൾ, നാല് ഹാൻഡ് ഗ്രാനഡുകൾ എന്നിവയാണ് സൈന്യം കണ്ടെടുത്തത്. ഇതിനെ തുടർന്നാണ് ജമ്മു കാശ്മീരിന്റെ വിവിധ മേഖലകളിൽ തിരച്ചിൽ ഊർജ്ജിതമാക്കിയത്.
Post Your Comments