മലപ്പുറം: പുരോഗമനപരമായ ഏത് ആശയത്തേയും സമസ്ത സ്വാഗതം ചെയ്യുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്‌റി മുത്തുക്കോയ തങ്ങള്‍. ഇസ്ലാമിന്റെ ശരിയത്ത് നിയമങ്ങളേയും പിന്തുടര്‍ച്ചാവകാശങ്ങളേയും കുറ്റപ്പെടുത്തുന്നവര്‍ യഥാര്‍ത്ഥ മുസ്ലീമല്ലെന്ന് അദ്ദേഹം പറഞ്ഞു.
‘സമസ്ത ഒരിക്കലും സ്ത്രീകളുടെ വിദ്യാഭ്യാസത്തെ എതിര്‍ത്തിട്ടില്ല. അവരുടെ മാന്യതയെ മാനിച്ച് അവര്‍ക്ക് സംരക്ഷണം ഒരുക്കണമെന്നതാണ് മുസ്ലീം വിശ്വാസം’, ജിഫ്‌റി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
‘സ്ത്രീകളുടെ സംരക്ഷണം പുരുഷന്മാരെ ഏല്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. അതാണ് മതത്തിന്റെ തത്വം. സ്ത്രീകളെ പുരുഷന്മാരാണ് സംരക്ഷിക്കേണ്ടത്. സാമ്പത്തികമായ കുറേ കാര്യങ്ങള്‍ പുരുഷന്മാരെ ശരിയത്ത് ഏല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരു കുടുംബത്തില്‍ വാപ്പയുടെ സ്വത്തിന്റെ രണ്ടിരട്ടി, പെണ്‍മക്കളേക്കാള്‍ കൂടുതലായി ആണ്‍മക്കള്‍ക്ക് കൊടുക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇസ്ലാം മത വിശ്വാസമനുസരിച്ച് നിര്‍ബന്ധമായും നിസ്‌കരിക്കണം, കള്ളു കുടിക്കാന്‍ പാടില്ല എന്നൊക്കെയാണ്. എന്നാല്‍, അത് എല്ലാവരും ചെയ്യുന്നില്ല. അവരെ കൊണ്ട് ഇസ്ലാമിനെ വിലയിരുത്താന്‍ കഴിയില്ല. പിന്തുടര്‍ച്ചാവകാശത്തെ എതിര്‍ക്കുന്നത് ശരിയായ രീതിയില്‍ ഇസ്ലാമിനെ ഉള്‍ക്കൊള്ളത്തവരാണ്’, അദ്ദേഹം പറഞ്ഞു.
‘ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെതിരെ ഒരിക്കല്‍ സമസ്ത പ്രമേയം പാസാക്കിയിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയാണ് അങ്ങനൊരു തീരുമാനം അന്ന് കൈക്കൊണ്ടത്. അല്ലാതെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പു കൊണ്ടല്ല. മുസ്ലീം സമുദായത്തില്‍ എല്ലാത്തിലും മാറ്റം വന്നു. ഭക്ഷണ ശൈലിയും വസ്ത്രധാരണവും മാറി. പുരോഗമനപരമായ ഏത് ആശയത്തേയും സമസ്ത പിന്തുണയ്ക്കും’, അദ്ദേഹം പറഞ്ഞു.
Post Your Comments