Latest NewsKerala

സ്ഥലത്തുണ്ടായിരുന്നത് ചുടലമുത്തുവിന്റെ സഞ്ചിയും ചെരിപ്പും, അന്ന് മുങ്ങിയയാൾ എവിടെ? ജനാർദ്ദനൻ നിരപരാധി: ഇരയുടെ സഹോദരങ്ങൾ

കേരളത്തെ ഞെട്ടിച്ച രമാദേവി കൊലക്കേസിൽ 17 വർഷത്തിനു ശേഷം ഭർത്താവ് ജനാർദ്ദനൻ നായരെ അറസ്റ്റ് ചെയ്തപ്പോൾ ഞെട്ടിയത് ബന്ധുക്കളാണ്. എന്നാൽ നാട്ടുകാർക്ക് അന്നേ ഉള്ള സംശയം ജനാർദ്ദനൻ നായരാണ് കൊലയാളി എന്നായിരുന്നു. എന്നാൽ ഇപ്പോൾ സംഭവത്തിൽ ജനാർദ്ദനൻ നായർ നിരപരാധിയാണെന്ന് പറയുന്നത് കൊല്ലപ്പെട്ട രമാദേവിയുടെ സഹോദരന്മാർ തന്നെയാണ്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രമാദേവിയുടെ സഹോദരന്മാരായ ഉണ്ണികൃഷ്ണൻ നായര്‍, രാധാകൃഷ്ണൻ നായര്‍, ഗോപാലകൃഷ്ണൻ എന്നിവരാണ് രംഗത്തെത്തിയത്. ക്രൈംബ്രാഞ്ച് ജനാർദ്ദനൻ നായരെ അറസ്റ്റ് ചെയ്തത് വ്യാജതെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇവർ പറഞ്ഞു.

അതിനായി ഇവർ പറയുന്ന കാരണങ്ങൾ ഇങ്ങനെയാണ്,

അന്വേഷണം ജനാര്‍ദ്ദനൻ നായരിലേക്ക് എത്തിച്ച മുടിയിഴകളുടെ ആധികാരികതയിൽ വളരെയധികം സംശയം ഉണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാനും എല്ലാം ഒപ്പമുണ്ടായിരുന്ന ഞങ്ങള്‍ അന്ന് ഈ മുടിയിഴകള്‍ കണ്ടില്ല. ക്രൈംബ്രാഞ്ച് പറയുന്ന സംശയ രോഗമാണ് കൊലപാതക കാരണമെന്ന വിശദീകരണവും തെറ്റാണ്. വളരെ സ്നേഹത്തോടെയാണ് അവർ ഇരുവരും ജീവിച്ചത്. മറിച്ചുള്ള പ്രചാരണങ്ങള്‍ കളവാണ്.

സംഭവം കഴിഞ്ഞു പ്രാഥമിക അന്വേഷണതിനെത്തിയ പൊലീസ് നായ ജനാര്‍ദ്ദനൻ നായരെ തിരിഞ്ഞു നോക്കിയില്ല, ചുടലമുത്തുവിന്റെ സാധനങ്ങള്‍ എവിടെ നിന്ന് വന്നു?. ശരിക്കുമുള്ള കൊലപാതകി അദ്ദേഹമായിരുന്നുവെങ്കില്‍ നായ സൂചന നല്‍കേണ്ടിയിരുന്നതല്ലേ? മറ്റൊരു പ്രധാന തെളിവായിരുന്നു സംഭവ സ്ഥലത്ത് കണ്ടെത്തിയ ചുടല മുത്തുവിന്റെ സാധന സാമഗ്രികള്‍.

സഞ്ചി, ഒരു ചെരുപ്പ്, വാച്ച്‌ എന്നിവയാണ് ചുടലയുടേതായി അവിടെ നിന്ന് കണ്ടെത്തിയത്. ഇക്കാരണങ്ങള്‍ ഒക്കെയാണ് ചുടലയെ സംശയിക്കുന്നതിലേക്ക് എത്തിച്ചത്. 17 വര്‍ഷത്തിന് ശേഷവും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതും സംശയത്തിന് ഇടനൽകുന്നു. കൊല നടന്ന ദിവസം ജനാര്‍ദ്ദനന്‍ നായര്‍ മുഴുവന്‍ സമയവും ചെങ്ങന്നൂര്‍ പോസ്റ്റ് ഓഫീസില്‍ ജോലിയില്‍ ഉണ്ടായിരുന്നു എന്നാണ് ഇദ്ദേഹത്തിൻ്റെ ചില സഹപ്രവര്‍ത്തകർ ബന്ധുക്കളെ അറിയിച്ചിരുന്നത്. ഇക്കാര്യം ബന്ധുക്കൾ ക്രെെംബ്രാഞ്ചിനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം ഗൗരവമായെടുക്കുവാൻ ക്രെെംബ്രാഞ്ച് തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

അതേസമയം ബന്ധുക്കളുടെ സംശയങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും കോടതിയിൽ തീരുമാനമുണ്ടാകുമെന്നുമാണ് ക്രെെംബ്രാഞ്ച് പറയുന്നത്.ചുടലയുടെ സാധന സാമഗ്രികള്‍ ഒരു തെളിവ് തന്നെയാണെന്ന കാര്യം അന്വേഷണം സംഘം നിഷേധിച്ചിട്ടില്ല. അയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്നുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുള്ള സംശയം ദൂരീകരിക്കാൻ ചുടലമുത്തുവിനെ കണ്ടെത്തേണ്ടത് ആവശ്യം തന്നെയാണ്. ഇതിനായി രാജ്യമൊട്ടാകെ അന്വേഷണ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു.

സംഭവം നടക്കുന്ന സമയത്ത് ചുടലമുത്തുവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയെ കഴിഞ്ഞ വര്‍ഷം തെങ്കാശിയില്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അയാള്‍ എവിടെയെന്ന് തനിക്കറിയില്ല. അന്ന് തന്നെ എവിടേക്കോ പോയി. പിന്നെ കണ്ടിട്ടില്ല എന്നായിരുന്നു അവരുടെ മൊഴി. അതോടെ അന്വേഷണ സംഘം ഇരുട്ടിലായി. ചുടലമുത്തുവിനെ കിട്ടാതെ വന്നപ്പോള്‍ തങ്ങളുടെ മാനം കാക്കാൻ വേണ്ടി ക്രൈംബ്രാഞ്ച് ജനാര്‍ദ്ദനൻ നായരെ പ്രതികളാക്കിയെന്നാണ് വാദം. ഇതിനെതിരെ ഇവര്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments


Back to top button