കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെ ഭസ്മീകരിക്കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് ഉറക്കെ വിളിച്ചു പറയുന്നതാണ് ഈ സെമിനാറെന്ന് അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
ചാതുർ വർണ്യ വ്യവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുപോകാനും മനുസ്മൃതി അടിസ്ഥാനപ്പെടുത്തി ഭരണഘടന രൂപീകരിക്കാനും രാജ്യത്തെ വൈവിധ്യങ്ങളെ മുഴുവൻ തകർത്ത് രാജ്യം ഏകീകൃതമാണ് എന്നു പറയുന്ന സവർണ ശക്തികളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള സമരങ്ങൾക്ക് തുടക്കം കുറിച്ച ചരിത്ര പ്രസിദ്ധമായ ഒന്നായി സെമിനാർ അറിയപ്പെടും. ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാനാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടു വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോൾ തന്നെ ഇന്ത്യയിലുടനീളം പ്രതിഷേധങ്ങൾ രൂപപ്പെട്ടു. ഇന്ത്യയിലെ ബദൽ സംവിധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംസ്ഥാനമെന്ന നിലയിൽ, മതനിരപേക്ഷതയുടെ കലവറയായ കേരളത്തിൽ ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. ഏകീകൃത സിവിൽ കോഡ് എന്ന ഹിന്ദുത്വ അജൻഡ ഇന്ത്യയിൽ നടപ്പാക്കില്ല എന്ന പ്രതിജ്ഞയാണ് ഈ സെമിനാർ മുന്നോട്ട് വെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments