Latest NewsIndia

യമുനയില്‍ ജലനിരപ്പ് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍: ഡല്‍ഹിയില്‍ വെള്ളപ്പൊക്ക ഭീഷണി, വെള്ളം പ്രധാന റോഡുകളിലേക്ക്

ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ ഡല്‍ഹി വെള്ളപ്പൊക്ക ഭീഷണിയില്‍. അപകടനിലയ്‌ക്ക് മുകളിലെത്തിയതോടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചു.

കരകവിഞ്ഞ് ഒഴുകുന്ന യമുന നദിയില്‍ നിന്നുള്ള വെള്ളത്തില്‍ വടക്കൻ ഡല്‍ഹിയിലെ പ്രധാന റോഡുകളെല്ലാം മുങ്ങിയ അവസ്ഥയിലാണ്. ഇപ്പോള്‍ കിഴക്ക് ഭാഗത്തേക്കാണ് വെള്ളം നീങ്ങുന്നത്. രാത്രി 11 മണിക്ക്, നദിയിലെ ജലനിരപ്പ്‌ ഉയര്‍ന്ന്‌ 208.08 മീറ്ററായി. യമുനയിലേക്കുള്ള നീരൊഴുക്ക് വ്യാഴാഴ്ച രാവിലെ 8 മുതല്‍ 10 വരെ ഉയരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.

പൊലീസിന്റെ അടിയന്തര യോഗം വിളിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഒഴിഞ്ഞുപോകാനും ദുരന്ത നിവാരണ സേനയെ സജ്ജമാക്കാനും ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കാനും നിര്‍ദ്ദേശം നല്‍കി. ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് കേന്ദ്ര ജല കമ്മിഷന്റെ അറിയിപ്പ്.

വടക്കൻ ഡല്‍ഹിയില്‍ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയും വെള്ളപ്പൊക്കത്തിനിടയാക്കി. നദിയില്‍ ചളി അടിഞ്ഞുകൂടിയതും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ രണ്ട് ദിവസമായി മഴയില്ലെങ്കിലും ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള വെള്ളം ഒഴുകി വരുന്നതാണ് നിരപ്പുയരാൻ കാരണം. നിലവില്‍ 207.71 മീറ്ററിന് മുകളിലാണ് ജലനിരപ്പ് (അപകട നില 206 മീറ്റര്‍). 1978ല്‍ രേഖപ്പെടുത്തിയ 207.49 മീറ്ററാണ് ഇതുവരെയുള്ള ഉയര്‍ന്ന ജലനിരപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button