Latest NewsKeralaNews

കർക്കിടക വാവ്: ബലിതർപ്പണത്തിന് സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുമെന്ന് കളക്ടർ

കൊച്ചി: ജൂലൈ 17 ന് കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണ ചടങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിൽ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. ബലിതർപ്പണം നടക്കുന്ന പ്രധാന കേന്ദ്രമായ ആലുവ മണപ്പുറത്ത് മഴയുടെ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കും. ചേലാമറ്റം, കാലടി അദ്വൈതാശ്രമം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മൂന്നംഗ കുടുംബത്തെ കാണാനില്ല, വീട്ടിൽ നിന്നും ഇറങ്ങിയത് കറുപ്പ് കളർ ഹോണ്ട യുണിക്കോൺ ബൈക്കിൽ

ഫയർ ആന്റ് റസ്‌ക്യൂവിന്റെ നേതൃത്വത്തിൽ കൂടുതൽ ജീവനക്കാരെ സ്ഥലത്ത് വിന്യസിക്കും. സ്‌കൂബ ഡൈവേഴ്സ്, എയർ എൻജിനുകൾ, ബോട്ടുകൾ, റബ്ബർ ഡിങ്കികൾ എന്നിവ സ്ഥലത്ത് സജ്ജമാക്കും. നീന്തൽ അറിയാവുന്ന സിവിൽ ഡിഫൻസ് വൊളന്റിയർമാരെ സ്ഥലത്ത് സജ്ജമാക്കും. 250 ലധികം വൊളന്റിയർമാർ സേവന സന്നദ്ധരായി രംഗത്തുണ്ടാകും. പെരിയാറിലെ ജലനിരപ്പ് ഇടവിട്ട അവസരങ്ങളിൽ പരിശോധിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. കടവുകളിൽ ചെളി അടിഞ്ഞു കൂടിയിട്ടില്ലെന്ന് ഉറപ്പാക്കും. സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതൽ പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. പ്രധാന റോഡുകളിലും തിരക്ക് കൂടുന്ന സ്ഥലങ്ങളിലും ഗതാഗതം ക്രമീകരിക്കും. കെഎസ്ഇബിയുടെ നേതൃത്വത്തിൽ കൂടുതൽ ലൈറ്റിംഗ് സജ്ജീകരണം ഏർപ്പെടുത്തും. കൂടുതൽ ജീവനക്കാരും സ്ഥലത്തുണ്ടാകും.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബയോടോയ് ലെറ്റുകൾ സജ്ജമാക്കും. ശുചീകരണ പ്രവർത്തനങ്ങൾ ദേവസ്വം അധികൃതരുമായി സഹകരിച്ച് നിർവഹിക്കും. കെഎസ്ആർടിസി കൂടുതൽ സർവീസ് ഏർപ്പെടുത്തും. തോട്ടക്കാട്ടുകര, ഒക്കൽ, കാലടി എന്നിവിടങ്ങളിൽ ദീർഘദൂര ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കും. പ്രധാന സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ആംബുലൻസുകളുടെയും ഡോക്ടർമാരുടെയും സേവനവും ഉറപ്പാക്കും.

കടകളിലും ഹോട്ടലുകളിലും വിൽക്കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രത്യേക പരിശോധനകൾ നടത്തും. അനധികൃത മദ്യവിൽപ്പനയും ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിന് എക്സൈസ് വകുപ്പ് നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കും. ആലുവ, കുന്നത്തുനാട് തഹസിൽദാർമാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായി ചുമതലപ്പെടുത്തി. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ സ്ഥലത്ത് മുഴുവൻ സമയവും കുടിവെള്ള ലഭ്യത ഉറപ്പാക്കും.

കടവുകളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ബാരിക്കേഡുകൾ സജ്ജമാക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. സ്ത്രീകൾക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണം. തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. ജനങ്ങൾ അനാവശ്യമായി പുഴയിൽ ഇറങ്ങുന്നത് നിയന്ത്രിക്കാൻ തിരിച്ചറിയൽ കാർഡുള്ള ജീവനക്കാരെ കൂടുതലായി നിയോഗിക്കണം. മണപ്പുറത്ത് പുഴ കവിഞ്ഞ് വെള്ളം കയറുന്ന അവസ്ഥയുണ്ടെങ്കിൽ ഇറിഗേഷൻ വകുപ്പ് മുൻകൂട്ടി വിവരം അറിയിക്കണം. അതനുസരിച്ച് ബലിത്തറകൾ ക്രമീകരിക്കണം. ഈ സാഹചര്യത്തിൽ മണപ്പുറത്തേക്കുള്ള ജനങ്ങളുടെ പ്രവേശനം പോലീസ് നിയന്ത്രിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: രാജ്യത്ത് 5000 കോടി രൂപയ്ക്ക് മുകളില്‍ വരുന്ന 42 സുപ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button