യുകെയിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിൽ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണ് കോടതിയിൽ നടന്നത്. കണ്ണൂർ പടിയൂർ കൊമ്പൻപാറയിൽ ചെലേവാലൻ സാജു (52)വിനെ നോർത്താംപ്ടൻഷെയർ കോടതിയാണ് ശിക്ഷിച്ചത്. സാജുവിന് ശിക്ഷ വിധിച്ച നോർത്താംപ്റ്റൻ ക്രൗൺ കോടതി വിചാരണയ്ക്കിടെ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സാജു വിചാരണയ്ക്കിടെ കോടതിയിൽ പൊട്ടിക്കരഞ്ഞു. കൊലപാതകം നടക്കുന്ന രംഗങ്ങൾ കണ്ടതോടെയാണ് സാജുവിൻ്റെ നിയന്ത്രണം വിട്ടത്. കഴിഞ്ഞവർഷം ഡിസംബർ 15ന് ആണ് കണ്ണൂർ ശ്രീകണ്ഠാപുരം പടിയൂർ സ്വദേശിയായ സാജു ചേലവേലിൽ ഭാര്യയായ വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകൻ്റെ മകൾ അഞ്ജുവിനെയും മക്കളെയും കൊലപ്പെടുത്തിയത്.
ഭാര്യയെയും കുട്ടികളെയും സാജു കൊലപ്പെടുത്തിയത് ഡ്രസിങ് ഗൗണിൻ്റെ വള്ളി ഉപയോഗിച്ചായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് സാജുവിൻ്റെ ഫോൺ റിക്കോർഡിങ് മോഡിലായിരുന്നു. എന്നാൽ ഇത് സാജു അറിഞ്ഞിരുന്നില്ല. പൊലീസ് പിടിച്ചെടുത്ത ഈ ഫോണിലെ 90 മിനിറ്റോളം വരുന്ന ഓഡിയോയാണ് കേസിൽ നിർണ്ണായക തെളിവായി മാറിയത്. ഈ ഓഡിയോ ഫയലിലെ പ്രധാനപ്പെട്ട ഭാഗമായ ഒന്നര മിനിറ്റ് പ്രോസിക്യൂഷൻ കോടതിയിൽ കേൾപ്പിച്ചിരുന്നു. ഈ ശബ്ദശകലത്തിൽ ‘അമ്മയെ കൊല്ലരുതേ’ എന്ന ഉച്ചത്തിലുള്ള കുഞ്ഞുങ്ങളുടെ നിലവിളിയുണ്ട്. മരണവെപ്രാളത്തിലുള്ള അഞ്ജുവിന്റെ ദയനീയമായ കരച്ചിലും ഈ ഭാഗത്തുണ്ട്.
കോടതി മുറിയിൽ കുഞ്ഞുങ്ങളുടെ നിലവിളി കേട്ടതോടെ സാജു പൊട്ടിക്കരഞ്ഞുകൊണ്ട് നിലവിളിക്കുകയായിരുന്നു. നിലവിളിച്ചതിനു പിന്നാലെ സമചിത്തത വീണ്ടെടുത്ത സാജു പിന്നീട് നിർവ്വീകാരനായി നിന്നാണ് വിധി കേട്ടത്. സംഭവദിവസം ഡ്യൂട്ടി കഴിഞ്ഞെത്തിയ അഞ്ജുവും (36) സാജുവുമായി (52) വഴക്കുണ്ടായെന്നു തുടർന്ന് സാജു ഭാര്യയെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. രാത്രി രണ്ടു മണിയോടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
അഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞുങ്ങളെ ഉറക്കഗുളിക പാലിൽ കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചു. ഇതു വിജയിക്കാതെ വന്നതോടെയാണ് മക്കളെയും അഞ്ജുവിനെ കൊലപ്പെടുത്തിയ രീതിയിൽ ഗൗണിന്റെ വള്ളി ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തിയത്. സംശയരോഗമാണ് സാജുവിനെ കൊലപാതകത്തിലേക്ക് നയിച്ചത്. അഞ്ജുവിന് മറ്റാരോടോ ബന്ധമുണ്ടെന്ന്ഇയാൾ സംശയിച്ചിരുന്നു. തന്നിൽ നിന്ന് വിവരങ്ങൾ മറയ്ക്കാൻ ആശുപത്രിയിലെ ഇ-മെയിൽ അക്കൗണ്ടിലൂടെയും ഫോൺ മെസേജുകളിലൂടെയുമാണ് അഞ്ജുവും അയാളും തമ്മിൽ ബന്ധപ്പെടുന്നുണ്ടെന്നും സാജു സംശയിച്ചിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
അഞ്ജുവിനെക്കൊന്ന് നാലുമണിക്കൂര്‍ ആലോചിച്ചശേഷമാണ് കുട്ടികളെ കൊന്നതെന്നും സാജു സമ്മതിച്ചിരുന്നു. കെറ്റെറിംഗ് ജനറല്‍ ആശുപത്രിയിലെ നഴ്സായിരുന്നു അഞ്ജു. അഞ്ജുവിനെയും മക്കളെയും കാണാതായതോടെ അയല്‍ക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് പൊലീസെത്തുമ്പോള്‍ സാജു വീട്ടിലുണ്ടായിരുന്നു. അഞ്ജു വിശ്വാസവഞ്ചന കാണിച്ചുവെന്ന ആരോപണത്തിന് തെളിവില്ലെന്ന് പ്രോസിക്യൂട്ടര്‍ ജെയിംസ് ന്യൂട്ടന്‍-പ്രൈസ് കെ സി പറഞ്ഞു. എന്നാൽ അന്വേഷണത്തിൻ്റെ ഭാഗമായി സാജുവിൻ്റെ ഫോണ്‍ പൊലീസ് പരിശോധിച്ചിരുന്നു. ഭാര്യ ജോലിക്കു പോകുന്ന സമയങ്ങളിൽ ഡേറ്റിംഗ് വെബ്സൈറ്റുകളില്‍ സാജു സ്ത്രീകള്‍ക്കായി തിരഞ്ഞിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments