ചെന്നൈ: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് ചെന്നെെ ചിദംബരത്തിനടുത്ത് കിളനുവംപത്ത് സ്വദേശി ചിലമ്പരശനെന്ന മുപ്പത്തഞ്ചുകാരൻ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രണ്ടു മാസം മുമ്പാണ് ഇവർ വിവാഹിതരായത്. എന്നാൽ, ഭാര്യ റോജ നാലുമാസം ഗർഭിണിയാണെന്ന് പരിശോധനയിൽ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പക്ഷേ , സംഭവത്തിൽ യുവതി നിരപരാധിയാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
27കാരിയായ റോജയുടെയും വിദേശത്ത് ഡ്രൈവറായ ചിലമ്പരശന്റെയും വിവാഹ നിശ്ചയം നടന്നത് കഴിഞ്ഞ വർഷം നവംബറിലായിരുന്നു. അതിനുശേഷം ഇവർ തമ്മിൽ പലതവണ ലെെംഗികമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് രണ്ട് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷവും ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ യുവതിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് യുവതി നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
വിവാഹ നിശ്ചയത്തിന് ശേഷം റോജയുമായി ബന്ധം പുലർത്തിയിരുന്നെങ്കിലും ഗർഭത്തിനുത്തരവാദി താനല്ലെന്ന നിലപാടിലായിരുന്നു ചിലമ്പരശൻ. റോജ മറ്റാരെങ്കിലുമായി പ്രണയത്തിലായിരിക്കാമെന്ന് ചിലമ്പരശൻ സംശയിച്ചു. ഇതിൻ്റെ പേരിൽ ചിലമ്പരശനും റോജയും തമ്മിൽ വഴക്ക് പതിവായിരുന്നു. വഴക്കിനെ തുടർന്ന് ഒന്നുരണ്ടു തവണ റോജ സ്വന്തം വീട്ടിൽ പോയി നിന്നിരുന്നു എന്നും പൊലീസ് പറയുന്നു.
വിവാഹം കഴിഞ്ഞതു മുതൽ ദമ്പതിമാർ തമ്മിൽ തർക്കങ്ങളും വഴക്കുമുണ്ടാകുന്നത് പതിവാണെന്ന് അയൽക്കാർ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും അതിനിടയിൽ ചിലമ്പരശൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ബ്ലേഡ് ഉപയോഗിച്ച് റോജയുടെ കഴുത്ത് മുറിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റോജ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.
റോജ കൊല്ലപ്പെട്ടതിനു പിന്നാലെ ചിലമ്പരശൻ പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റം ഏറ്റു പറഞ്ഞ് കീഴടങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി റോജയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുണ്ടിയമ്പാക്കം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . സംഭവമറിഞ്ഞ് കടലൂർ ജില്ലാ പോലീസ് സൂപ്രണ്ട് രാജാറാം, ചിദംബരം അസിസ്റ്റൻ്റ് പൊലീസ് സൂപ്രണ്ട് രഘുപതി എന്നിവർ സംഭവസ്ഥലത്തെത്തി. റോജയുടെ സഹോദരൻ സീർകാഴി സ്വദേശി ദിലീപ് കിള്ളായി പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. തുടർന്ന്, കൊല്ലപ്പെട്ട റോജയുടെ ഭർത്താവ് ചിലമ്പരശനെയും അമ്മ സുന്ദരിയേയും(55) കിള്ളായി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകം, സ്ത്രീധന പീഡനം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ ചിലമ്പരശൻ്റെ അമ്മ സുന്ദരി റോജയെ അധിക സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നു എന്ന ആരോപണവുമായി റോജയുടെ വീട്ടുകാരും രംഗത്തെത്തി. ഇക്കാര്യം വ്യക്തമാക്കി അവർ പരാതി നൽകുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീധന പീഡന വകുപ്പ് പ്രകാരം സുന്ദരിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഇരുവരേയും കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
Post Your Comments