
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ മണ്ണിടിച്ചില്‍ പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെ സുനില്‍ വാര്‍ഡില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞു. ഒരു വയലില്‍ ആറടി താഴ്ചയുള്ള കുഴിയും പ്രത്യക്ഷപ്പെട്ടു. മഴയെ തുടര്‍ന്നാണ് കുഴി ഉണ്ടായതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മാല കവർന്നു: രണ്ടുപേർ അറസ്റ്റിൽ
‘മണ്‍സൂണ്‍ സമയത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതിനകം വീടുകളിലെ വിള്ളലുകള്‍ വലുതാവുകയാണ്,’ പ്രദേശവാസിയായ വിനോദ് സക്ലാനി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരിയില്‍ സുനില്‍ വാര്‍ഡിലെ അമ്പതോളം വീടുകള്‍ ഉള്‍പ്പെടെ ജോഷിമഠത്തിലെ 650-ലധികം വീടുകളില്‍ വിള്ളലുകള്‍ ഉണ്ടായി. 4000-ത്തിലധികം ആളുകള്‍ ഭവനരഹിതരായി. തകര്‍ന്ന വീടുകള്‍ വിട്ടുനല്‍കാന്‍ സമ്മതിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയെങ്കിലും അറുപതോളം കുടുംബങ്ങള്‍ ഇപ്പോഴും പ്രാദേശിക ഭരണകൂടം നല്കിയ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിക്കുകയാണ്.
ഫെബ്രുവരിയില്‍ ജോഷിമഠിലെ നരസിങ് ക്ഷേത്രത്തെയും ബദരീനാഥിനെയും ബന്ധിപ്പിക്കുന്ന റോഡില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യാത്രാ സീസണില്‍ ജോഷിമഠില്‍ നിന്ന് ബദരീനാഥിലേക്ക് തീര്‍ത്ഥാടകരെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്.
Post Your Comments