Latest NewsKeralaIndia

സംസ്ഥാന പോലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബ് : പുതിയ ചീഫ് സെക്രട്ടറി ഡോ. വി വേണു

തിരുവനന്തപുരം: ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറിയാകും. ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ അടുത്ത ഡി ജി പിയായും നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ഫോഴ്സ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയാണ്. 1990 ഐ പി എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ കൂടാതെ ജയില്‍ മേധാവി കെ പദ്മകുമാറിനെയും ഡി ജി പി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. സീനിയോറിറ്റിയില്‍ മുന്നില്‍ പദ്മകുമാറായിരുന്നു. എന്നാല്‍ സുപ്രധാന ചുമതലകള്‍ നല്‍കിയപ്പോഴെല്ലാം വിവാദങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയ വ്യക്തിയാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നാണ് വിശദീകരണം.

കേരള കേഡറില്‍ എ എസ് പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ചത്. വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളില്‍ കമാന്റന്റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും ജോലി നോക്കി.

ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമിയില്‍ അസിസ്റ്റന്‍റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി, പൊലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐ.ജി ആയിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മീഷണറായും കേരള പൊലീസ് അക്കാഡമി ഡയറക്ടറായും പ്രവര്‍ത്തിച്ചു.

എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എം.ബി.എയും നേടി.

വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിംഗ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.

ആന്ധ്രാപ്രദേശ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍ മുഹമ്മദ് ഇഫ്ത്തേക്കര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button