തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അവനവഞ്ചേരി സ്വദേശി കിരണിനെ (25) ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു, പ്രതി പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇന്ന് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയിൽ യുവതിയെ ഭീഷണിപ്പെടുത്തി കഴക്കൂട്ടം ചന്തവിളയിൽ കൃഷിഭവൻ്റെ ഗോഡൗണിലെത്തിച്ച് യുവതിയെ മർദ്ദിച്ചശേഷം ഇയാൾ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ പ്രതി സഞ്ചരിച്ച സ്കൂട്ടറും,യുവതിയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ബലാത്സംഗം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ഐ.ടി നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം യുവതിയെ ലെെംഗികമായി പീഡിപ്പിക്കുന്നതും മർദ്ദിക്കുന്നതുമായ ദൃശ്യങ്ങൾ പ്രതി മൊബെെൽ ഫോണിൽ പകർത്തിയെന്നാണ് വിവരം. ഈ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ, ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തി, യുവതി ധരിച്ച വസ്ത്രങ്ങൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്കായി അയക്കുമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പീഡിപ്പിച്ച കൃഷിഭവൻ ഗോഡൗണിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. യുവതിയുടെ നിലവിളി കേട്ട് ആദ്യം ഓടിയെത്തിയ പരിസരവാസികളിൽ നിന്ന് പൊലീസ് മൊഴിയുമെടുത്തിട്ടുണ്ട്.
അതേസമയം പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന യുവതി ആശുപത്രി വിട്ടുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ടെക്നോപാർക്കിന് സമീപത്തെ ബാർ ഹോട്ടലിൽ് മറ്റൊരു സുഹൃത്തുമായി യുവതി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. ഈ സമയം അവിടെയെത്തിയ കിരൺ യുവതിയുമായി വഴക്കിട്ടു. തുടർന്ന് യുവതിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി കഴക്കൂട്ടം റെയിൽവേ മേൽപ്പാലത്തിന് താഴെ എത്തിച്ച ശേഷം മർദ്ദിച്ചു എന്നാണ് പരാതി.
മർദ്ദനമേറ്റ് യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കിരൺ ബലം പ്രയോഗിച്ച് തടയുകയായിരുന്നു എന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. തുടർന്ന് താൻ വീട്ടിലാക്കാമെന്നും ബൈക്കിൽ കയറിയില്ലങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. യുവതി ബൈക്കിൽ കയറിയതോടെ ഭീഷണിപ്പെടുത്തി വെട്ടുറോഡിലെ കൃഷി ഭവൻ്റെ ഗോഡൗണിനോട് ചേർന്നുള്ള ഷെഡിലെത്തിച്ചു. അവിടെ വച്ച് ക്രൂരമായി മർദ്ദിക്കുകയും ബലംപ്രയോഗിച്ച് വിവസ്ത്രയാക്കി ബലാത്സംഗം ചെയ്യുകയുമായിരുന്നു. മാത്രമല്ല ഇതെല്ലാം കിരൺ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ കവിളിൽ പ്രതി മർദ്ദിച്ചതിൻ്റെ പാടുകളുണ്ട്. മർദ്ദനത്തിൽ ചുണ്ട് പൊട്ടി ചോര വന്നിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.
കിരണിൻ്റെ അക്രമത്തെത്തുടർന്ന് യുവതിക്ക് ബോധം നഷ്ടപ്പെട്ടു. പുലർച്ചെ അഞ്ചിന് ബോധം വന്നതോടെ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് പുറത്തിറങ്ങിയ അടുത്ത വീട്ടിൽ താമസിക്കുന്നവരാണ് അവരെ രക്ഷപ്പെടുത്തിയത്. അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ യുവതിക്ക് വസ്ത്രം നല്കിയ ശേഷം കഴക്കൂട്ടം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതി ക്രൂരമായ പീഡനത്തിന് ഇരയായതായും ശരീരമാസകലം ഗുരുതര പരിക്കേറ്റതായും പൊലീസ് വ്യക്തമാക്കി.
ഇതിനിടെ പൊലീസ് പ്രതിയെ പിടികൂടി. ഗോഡൗണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, കഴക്കൂട്ടം സൈബർ സിറ്റി പൊലിസ് കമ്മിഷണർ പൃഥ്വിരാജിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഒരു രാത്രി മുഴുവൻ അതിക്രൂര പീഡനത്തിനാണ് യുവതി ഇരയായത്. കൈകാലുകൾ കെട്ടിയിട്ടാണ് കിരൺ യുവതിയെ ലെെംഗികമായി പീഡിപ്പിച്ചത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ പരിക്കുപറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മർദ്ദനത്തിൽ യുവതിയുടെ തലയ്ക്കും കൈയ്ക്കും മുഖത്തും പരിക്കുണ്ട്. ഫോണിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി മാറുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രതിയുടെയും യുവതിയുടെയും ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകളും അതിൻ്റെ പരിശോധനാഫലവും കേസിൽ നിർണായകമാകുമെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments