ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. ലോകത്തെ കണക്ക് നോക്കിയാല്‍ ഏറ്റവുമധികം ആളുകളുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദ്രോഗങ്ങളാണ്. കടുത്ത ഹൃദയാഘാതം മിനിറ്റുകള്‍ക്കകം മരണത്തിലേയ്ക്ക് നയിക്കും. വേണ്ട സമയത്ത് മതിയായ വൈദ്യസഹായം കിട്ടിയില്ലെങ്കില്‍ മരിക്കുന്നവരുടെ എണ്ണം പിന്നെയും കൂടും. രണ്ടാം സ്ഥാനത്തുള്ള ക്യാന്‍സര്‍ കാരണം മരിക്കുന്നതിനേക്കാള്‍ ഇരട്ടി പേരാണ് ഹൃദയരോഗങ്ങളാല്‍ മരിക്കുന്നത്.
അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ട മൂന്ന് പോഷകങ്ങള്‍ ഏതൊക്കെയെന്ന് പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ അഞ്ജലി മുഖര്‍ജി. ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് അഞ്ജലി മുഖര്‍ജി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
ഒമേഗ 3 ഫാറ്റി ആസിഡ്…
ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. തലച്ചോറിന്റെ ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് ഒമേഗ 3 ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. ഹൃദയത്തിന്റെയും ചര്‍മ്മത്തിന്റെയുമൊക്കെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. സാല്‍മണ്‍, അവക്കാഡോ, ചിയ വിത്തുകള്‍, വാല്‍നട്‌സ്, സോയാബീന്‍ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കും. രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായിക്കുന്നു. കൂടാതെ, അവ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ ഡയറ്റില്‍ ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഫൈബര്‍…
ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല. കൂടാതെ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. അതിനാല്‍ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പയറുവര്‍ഗങ്ങളും നട്‌സും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആന്റിഓക്‌സിഡന്റുകള്‍…
ഹൃദയത്തിന്റെ ആരോഗ്യത്തിന് ആന്റിഓക്‌സിഡന്റുകളും അത്യന്താപേക്ഷിതമാണ്. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബെറി പഴങ്ങള്‍, സിട്രസ് പഴങ്ങള്‍, ഇലക്കറികള്‍, നട്‌സ് തുടങ്ങിയ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
Post Your Comments