കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ഒഡീഷ സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ കൊലപാതകത്തിൽ സഹോദരീ ഭർത്താവ് അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ അവയ് ബീറി(30)ന്റെ കൊലപാതകത്തിൽ സഹോദരീ ഭർത്താവ് മനോജ്കുമാർ നായിക് (28) ആണ് അറസ്റ്റിലായത്. വഴക്കിനെത്തുടർന്നു വീടുവിട്ടിറങ്ങിയ അവയ് ബീറിനെ തിരഞ്ഞിറങ്ങിയ മനോജ് വൃന്ദാവൻ ജങ്ഷനു സമീപം ഇയാളെ കണ്ടെത്തുകയും വാക്ക് തർക്കത്തിനിടെ സിമന്റ്‌കട്ട കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
ചന്തമുക്ക് ടിബി ജങ്‌ഷൻ റോഡിൽ അർബൻ ബാങ്കിനു സമീപം കടത്തിണ്ണയിൽ ആണ് അവയ്ബീറിന്റെ മൃതദേഹം കണ്ടെത്തിയത്. തൃക്കണ്ണമംഗൽ തട്ടത്ത് പള്ളിക്കു സമീപം വാടകവീട്ടിൽ കഴിയുന്ന സഹോദരിക്കും കുടുംബത്തിനുമൊപ്പമായിരുന്നു ഒരു മാസമായി അവയ് ബീറും താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി സഹോദരീ ഭർത്താവായ മനോജുമായി വഴക്കിട്ട അവയ് വീടുവിട്ടിറിങ്ങി. ഇയാളെ തിരക്കിയിറങ്ങിയ ബന്ധുക്കളിൽ മനോജ് ഒഴികെയുള്ളവർ തിരികെ വീട്ടിലെത്തി. നഗരത്തിൽ പുലമൺവരെ തിരഞ്ഞു മടങ്ങും വഴി അർബൻ ബാങ്കിനു സമീപം കടത്തിണ്ണയിൽ മനോജ് അവയ് ബീറിനെ കണ്ടെത്തി. തുടർന്ന് ഇരുവരും വാക്‌തർക്കത്തിലാകുകയും മനോജ് വീണുപോയ അവയ് ബീറിനെ സിമന്റ്കട്ട ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
ശനിയാഴ്ച രാവിലെ ഒഡീഷയിലേക്കു കടക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മനോജാണ് കൊലപാതകിയെന്നു പോലീസ് കണ്ടെത്തിയത്.
റൂറൽ ജില്ലാ പോലീസ് മേധാവി എംഎൽ സുനിലിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജിഡി വിജയകുമാർ, കൊട്ടാരക്കര സിഐ വിഎസ് പ്രശാന്ത്, എസ്ഐ ബാലാജി, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ദീപു, എസ്ഐമാരായ പൊന്നച്ചൻ, വാസുദേവൻ, അനിൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.
Post Your Comments