ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ സുരക്ഷിതമായ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കേന്ദ്രസേനയെ നിയോഗിക്കാൻ ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീംകോടതി. ഉത്തരവിനെ ചോദ്യം ചെയ്‌ത് പശ്ചിമബംഗാള്‍ സര്‍ക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും മനോജ് മിശ്രയും അടങ്ങിയ ബെഞ്ച് തള്ളി.
തിരഞ്ഞെടുപ്പെന്ന് പറയുന്നത് അക്രമങ്ങള്‍ നടത്താനുള്ള ലൈസൻസല്ല . ഹൈക്കോടതി ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ അവിടെ നേരത്തേ കണ്ടിട്ടുള്ളതാണ്. തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം അനുവദിക്കാൻ കഴിയില്ല. വ്യക്തികള്‍ക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിക്കാൻ കഴിയാത്ത സാഹചര്യവും കൊല്ലപ്പെട്ടേക്കാമെന്ന അന്തരീക്ഷവുമുണ്ടെങ്കില്‍ അവിടെയെങ്ങനെ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സുപ്രീംകോടതി ആരാഞ്ഞു.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായ ഹൈക്കോടതി ഉത്തരവില്‍ സുപ്രീംകോടതി ഇടപെടാത്തത് മമത സര്‍ക്കാരിന് തിരിച്ചടിയായി. സംസ്ഥാനത്തെ 75,000 സീറ്റുകളിലേക്ക് ജൂലായ് എട്ടിന് ഒറ്റത്തവണയായാണ് വോട്ടെടുപ്പ് നടക്കുക. 61000 പോളിംഗ് ബൂത്തുകളാണ് ഒരുക്കുന്നത്. ഇക്കാര്യം പരിഗണിച്ച സുപ്രീംകോടതി, ഇത്രയും വിപുലമായ തിരഞ്ഞെടുപ്പിന്റെ സുരക്ഷയ്‌ക്കായി കേന്ദ്രസേനയെ വിളിക്കാൻ ഉത്തരവിട്ടതില്‍ തെറ്റില്ലെന്ന് വിലയിരുത്തുകയായിരുന്നു.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് ഹൈക്കോടതി ഉത്തരവ്. അതിനാല്‍ ഇടപെടേണ്ട ഒരു സാഹചര്യവുമില്ലെന്നും നിരീക്ഷിച്ചു. സുരക്ഷാസേന എവിടെ നിന്ന് വരുന്നു എന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തിന് ആശങ്കപ്പെടുന്നുവെന്നും കോടതി ചോദിച്ചു.
പശ്ചിമബംഗാളില്‍ എല്ലാ മേഖലകളും പ്രശ്‌നബാധിതമാണെന്ന മട്ടിലാണ് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ വാദിച്ചു. സംസ്ഥാന പൊലീസിന് വിഷയം കൈകാര്യം ചെയ്യാൻ പ്രാപ്‌തിയില്ലെന്ന പ്രതീതിയുണ്ടാക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഏതൊക്കെ ബൂത്തുകള്‍ പ്രശ്‌നബാധിതമാണെന്ന് തീരുമാനിക്കേണ്ടതെന്ന് കമ്മിഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ പറഞ്ഞു.
കേന്ദ്രസേനയെ കമ്മിഷൻ വിളിക്കണമെന്നാണ് ഹൈക്കോടതി പറയുന്നത്. സംസ്ഥാന സര്‍ക്കാരാണ് സുരക്ഷാസേനയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ജില്ലാ അടിസ്ഥാനത്തില്‍ അല്ല, ബൂത്ത് അടിസ്ഥാനത്തിലാണ് സേന വിന്യാസം നടത്തേണ്ടത്. എല്ലാ ജില്ലകളിലും കേന്ദ്രസേനയെ നിയോഗിക്കണമെന്ന ഉത്തരവ് അപ്രായോഗികമാണെന്നും കമ്മിഷൻ വ്യക്തമാക്കി. എന്നാല്‍ , ഈ വാദമുഖങ്ങള്‍ സുപ്രീംകോടതി പരിഗണിച്ചില്ല.
Post Your Comments