കൊച്ചി: വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികൾ കൃത്യസമയത്ത് നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധപുലർത്തണം. ഇക്കാര്യത്തിൽ വകുപ്പുകൾ കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും ഫണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വകുപ്പുകളും മണ്ഡലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് യോഗം വിലയിരുത്തി. അതത് വകുപ്പുകൾ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. മണ്ഡലത്തിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന നടപടിയിൽ കാലതമാസം ഒഴിവാക്കണം. വി.പി. മരയ്ക്കാർ റോഡിലേത് ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. കളമശ്ശേരി പൊളി ടെക്‌നിക് കോളേജിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി.
ഏലൂർ ബഡ്സ് സ്‌കൂളുമായി ബന്ധപ്പെട്ട നടപടികളും കുന്നുകര ഓപ്പൺ സ്റ്റേജ് ആലങ്ങാട് കുടുംബരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. ബ്ലോക്ക്, കുണ്ടൂർ കടവ് റോഡ് പുനരുദ്ധാരണം പ്രവൃത്തി തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും അവലോകന യോഗത്തിൽ ചർച്ചയായി. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പദ്ധതികൾക്ക് അവസരമുണ്ടെന്നും അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നും മന്ത്രി നിർദേശിച്ചു. മണ്ഡലത്തിലെ അങ്കണവാടികൾ സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ വേഗത്തിലാക്കും. കിഫ്ബി പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
വേഗത കുറഞ്ഞ രീതിയിൽ മുൻപോട്ട് പോകുന്ന പദ്ധതികൾ പൂർത്തിയാക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കൾവെർട്ട് നിർമ്മിക്കുന്ന നടപടികൾ വേഗത്തിലാക്കും. ഇതുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. കളക്ടറേറ്റ് ട്രെയിനിംഗ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Read Also: ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഗുണവും ദോഷവും മനസിലാക്കാം
Post Your Comments