കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള രണ്ട് ഇൻസിനറേറ്ററുകളിൽ ഒരെണ്ണം പ്രവർത്തനരഹിതമായത് കാരണം മാലിന്യ നീക്കം സ്തംഭിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ കോളേജ് സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ജുലൈ 14 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Read Also: ഒഡീഷ തീവണ്ടിദുരന്തം: എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല, വീട് സീൽ ചെയ്ത് സിബിഐ ഉദ്യോഗസ്ഥർ
മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി, മാതൃ-ശിശു സംരക്ഷണകേന്ദ്രം, പി.എം.എസ്.എസ്. വൈ ബ്ലോക്ക്, ചെസ്റ്റ് ആശുപത്രി, ക്യാൻസർ സെന്റർ തുടങ്ങിയ ചികിത്സാ കേന്ദ്രങ്ങളിലെയും പന്ത്രണ്ടോളം ഹോസ്റ്റലുകളിലെയും മാലിന്യങ്ങൾ സംസ്ക്കരിക്കാനെത്തിക്കുന്നത് ഇവിടെയാണ്. ഒരു ദിവസം 4500 കിലോ മാലിന്യം ഇങ്ങനെയെത്തിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന ഇൻസിനറേറ്ററിൽ മണിക്കൂറിൽ 180 കിലോ മാലിന്യമാണ് സംസ്ക്കരിക്കാൻ കഴിയുക. അവശേഷിക്കുന്നവ കുന്നുകൂടി ജനജീവിതം ദുസ്സഹമാക്കുന്നു. രാത്രികാലങ്ങളിൽ ദുർഗന്ധം കാരണം പുറത്തിറങ്ങാൻ കഴിയാറില്ല. മാലിന്യ സംസ്ക്കരണം പ്രതിസന്ധിയിലായതോടെ ആശുപത്രിക്ക് സമീപവും മാലിന്യചാക്കുകൾ നിറയുന്നു. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ ഇൻസിനറേറ്ററിലെ പുകകുഴൽ പൊട്ടി വീണതിനെ തുടർന്നാണ് പ്രവർത്തനരഹിതമായത്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Post Your Comments