Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

ഒഡിഷ തീവണ്ടി ദുരന്തം: സിഗ്നൽ നൽകിയ റെയില്‍വെ എന്‍ജിനിയർ അമീർഖാനെയും കുടുംബത്തെയും കാണാനില്ല, വീട് സീൽ ചെയ്ത് സിബിഐ

ഭുവനേശ്വർ: ബാലസോർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ നാടകീയ സംഭവങ്ങൾ. ട്രെയിന് സിഗ്നൽ നൽകിയ റെയില്‍വേ ജൂനിയർ എന്‍ജിനിയറും കുടുംബവും ഒളിവിലാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ അദ്ദേഹത്തിന്റെ വീട് സിബിഐ ഉദ്യോ​ഗസ്ഥർ സീൽ ചെയ്തു. തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീർ ഖാന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഘം അദ്ദേഹത്തിന്റെ വീട് സീൽ ചെയ്യുകയായിരുന്നു.

രണ്ട് സിബിഐ ഉദ്യോ​ഗസ്ഥർ ഇദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സോറോ വിഭാഗം സിഗ്നലിന്റെ ഉത്തരവാദിത്തമുള്ള ജൂനിയർ എഞ്ചിനീയർ ആണ് അമീർ ഖാൻ. ഇയാളെ ഇതിന് മുൻപ് സിബിഐ ചോദ്യം ചെയ്തതായും സൂചനയുണ്ട്. അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷമാണ് ഇവരെ കാണാതായത്. ജൂണ്‍ 16ന് അന്വേഷണത്തിന് ശേഷം ബാലസോറില്‍ നിന്ന് പോയ സിബിഐ സംഘം തിങ്കളാഴ്ച പെട്ടെന്ന് തിരിച്ചെത്തിയാണ് സിഗ്‌നല്‍ ജെഇയുടെ വീട് സീല്‍ ചെയ്തത്.

ഒഡീഷയില്‍ ട്രെയിന്‍ അപകടത്തില്‍ ഇതുവരെ 292 യാത്രക്കാര്‍ മരിച്ചെന്നാണ് കണക്ക്. 292 യാത്രക്കാരുടെ മരണത്തിന് കാരണമായ ബഹനാഗയിലെ ദുരന്തത്തിന് ശേഷം അമീറും കുടുംബവും വാടകവീട് വിട്ട് പോയതായാണ് വിവരം. അതേസമയം ബഹനാ​ഗ സ്റ്റേഷൻ മാസ്റ്ററുടെ വീടും അന്വേഷണത്തിന്റെ ഭാ​ഗമായി സി.ബി.ഐ സംഘം സന്ദർശിച്ചിരുന്നു. ജൂണ്‍ ആറിന് ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന്റെ അന്വേഷണം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഏറ്റെടുത്തു. കേസില്‍ സിബിഐ നേരത്തെ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അപകടത്തിന് ശേഷം ഇലക്ട്രോണിക് ഇന്റര്‍ലോക്ക് സംവിധാനത്തില്‍ കൃത്രിമം നടന്നതാകാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണ ഏജന്‍സി കേസില്‍ ഇടപെട്ടത്. ട്രെയിനുകളുടെ വിവരങ്ങള്‍ നല്‍കുന്ന ഈ സംവിധാനത്തില്‍ അട്ടിമറി നടന്നതായും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. റെയില്‍വേയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സിബിഐ വൈദഗ്ധ്യം ഇല്ലാത്തതിനാല്‍ ഇതിന്റെ ചുരുളഴിയാന്‍ റെയില്‍വേ സുരക്ഷയുടെയും ഫോറന്‍സിക് വിദഗ്ധരുടെയും സഹായം ആവശ്യമായി വരുമെന്നാണ് അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

അന്വേഷണം ആരംഭിച്ചയുടന്‍ ‘ലോഗ് ബുക്കും’ ‘റിലേ പാനലും’ മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്ത് സിബിഐ സ്റ്റേഷന്‍ സീല്‍ ചെയ്തിരുന്നു. റിലേ ഇന്റര്‍ലോക്കിംഗ് പാനല്‍ സീല്‍ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ സിഗ്‌നല്‍ സംവിധാനത്തിലേക്കുള്ള ഉദ്യോഗസ്ഥരുടെ പ്രവേശനം തടഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒരു പാസഞ്ചര്‍ ട്രെയിനോ ഗുഡ്സ് ട്രെയിനോ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ നിര്‍ത്തില്ലെന്നാണ് അറിയിപ്പ്. അപകടവുമായി ബന്ധപ്പെട്ട് ബഹ്നാഗ ബസാര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് റെയില്‍വേ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മറ്റ് നാല് ജീവനക്കാര്‍ സിഗ്‌നലില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഈ മാസം ആദ്യം അപകടസമയത്ത് ഡ്യൂട്ടിയിലായിരുന്നുവെന്നും വിവരമുണ്ട്. അഞ്ച് ജീവനക്കാരും നിലവില്‍ ജോലിയിലാണെന്നും റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ (സിആര്‍എസ്) തയ്യാറാക്കുന്ന അപകട അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും ഭാവി നടപടികളെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെയാണ് അമീർഖാന്റെ ദുരൂഹത ഉണർത്തുന്ന തിരോധാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button