പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസ് കൂട്ടപ്പിരിച്ചുവിടൽ നടപടിയുമായി വീണ്ടും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയിലെ ആയിരം ജീവനക്കാരെ പിരിച്ചുവിട്ടെന്നാണ് സൂചന. എന്നാൽ, പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങൾ ബൈജൂസ് നടത്തിയിട്ടില്ല. ഒരു ബില്യൺ ഡോളർ ടേം ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്പനി നിയമ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന വേളയിലാണ് പുതിയ പിരിച്ചുവിടൽ.
കമ്പനിയിലെ രണ്ട് ശതമാനം ജീവനക്കാരെയാണ് ഇത്തവണയുണ്ടായ പിരിച്ചുവിടൽ ബാധിക്കുന്നത്. കമ്പനിയുടെ പുനർനിർമ്മാണ പ്രക്രിയയുടെ ഭാഗമായാണ് ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലേക്ക് ബൈജൂസ് എത്തിയത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ബൈജൂസ് കൂട്ടപ്പിരിച്ചുവിടൽ നടപടി സ്വീകരിച്ചിരുന്നു. രണ്ട് തവണ നടന്ന പിരിച്ചുവിടലിൽ 3,000-ലധികം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. അതേസമയം, 2022 ഒക്ടോബർ മുതൽ 6 മാസത്തിനുള്ളിൽ 2,500 തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുമെന്ന് ബൈജൂസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Also Read: അരിക്കൊമ്പൻ ആരോഗ്യവാൻ: പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്‌നാട്
Post Your Comments