Latest NewsKeralaNews

പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും താക്കോലെടുക്കാൻ ഉടമ മറന്നു, മദ്യപിച്ചെത്തിയ മോഷ്ടാവ് കാറുമായി കടന്നു: പ്രതി പിടിയില്‍ 

കോഴിക്കോട്: നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. അരയിടത്തുപാലം ബേബി മെമ്മോറിയൽ ആശുപത്രിയ്‌ക്ക് സമീപം നിർത്തിയിട്ടിരുന്ന ഫോർഡ് ഫിയസ്റ്റ കാര്‍ മോഷ്ടിച്ച മലപ്പുറം സ്വദേശി ഷറഫുദ്ദീൻ ആണ് അറസ്റ്റിലായത്. ഡെപ്യൂട്ടി കമ്മീഷണർ കെഇ ബൈജുവിന്റെ കീഴിലുള്ള സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്‌പെക്ടർ ബെനിന ലാലുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ജൂൺ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. നഗരത്തിലെ ഗോകുലം മാളിലേക്ക് ബന്ധുക്കൾക്കൊപ്പം പോകവെ കാർ പാർക്ക് ചെയ്തതിന് ശേഷം ഉടമസ്ഥൻ താക്കോൽ വാഹനത്തിൽ നിന്നും എടുക്കാൻ മറന്നു. ഉടൻ തന്നെ തിരികെ വന്ന് നോക്കിയെങ്കിലും കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് വാഹനം ഉണ്ടായിരുന്നില്ല. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പോലീസും സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇതിനിടയിൽ രജിസ്‌ട്രേഷൻ മാറ്റുന്നതിനായി ഒടിപിക്കായി യഥാർത്ഥ ഉടമസ്ഥനെ ഓൺലൈൻ സ്ഥാപനത്തിൽ നിന്നും വിളിച്ചതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. സംഭവം അറിഞ്ഞ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സ്ഥാപന ഉടമയെ കാണുകയും ആർസി മാറ്റുന്നതിനായി വന്നവരെ ബന്ധപ്പെടുകയും ചെയ്തു. ഇവർക്കൊപ്പമാണ് പ്രതിയുടെ വീടിന് അടുത്ത് അന്വേഷണ സംഘം എത്തുന്നത്. പോലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി നാട്ടിലെത്തി വാഹനക്കച്ചവടങ്ങൾ നടത്തി പരാജയപ്പെടുകയായിരുന്നു. തുടർന്ന് ജോലി അന്വേഷിച്ച് കോഴിക്കോടെത്തിയ ഇയാൾ മദ്യപിച്ച് കറങ്ങി നടക്കവെയാണ് കാർ മോഷ്ടിച്ചതും കടന്നു കളഞ്ഞതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button