കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി ദക്ഷിണ റെയിൽവേ. ഏറ്റവും പുതിയ മാറ്റങ്ങൾ അനുസരിച്ച്, തിരഞ്ഞെടുത്ത ട്രെയിനുകളിൽ ഓരോ സ്ലീപ്പർ കോച്ച് ഒഴിവാക്കി, പകരം ഒരു എസി ത്രീ ടയർ കോച്ചാണ് ഘടിപ്പിക്കുക. സെപ്റ്റംബറോടെ പുതുക്കിയ മാറ്റം പ്രാബല്യത്തിലാകും. എല്ലാ ട്രെയിനുകളിലും ഘട്ടം ഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും, ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എസി കോച്ചുകളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായാണ് ദക്ഷിണ റെയിൽവേയുടെ പുതിയ നീക്കം. കണക്കുകൾ അനുസരിച്ച്, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603/604), മംഗളൂരു- ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637/38) എന്നീ തീവണ്ടികളിലാണ് എസി കോച്ചിന്റെ എണ്ണം കൂട്ടുന്നത്. മാവേലി എക്സ്പ്രസിൽ സെപ്റ്റംബർ 11-നും, മംഗളൂരു മെയിലിൽ 13-നും, വെസ്റ്റ് കോസ്റ്റിൽ 14-നും, മലബാറിൽ 17-നും അധിക എസി കോച്ച് എത്തുന്നതാണ്. ഇതോടെ, ഈ ട്രെയിനുകളിൽ ഒരു എസി ഫസ്റ്റ് ക്ലാസ് കം ടു ടയർ കോച്ചും, രണ്ട് ടു ടയർ എസി കോച്ചും, അഞ്ച് ത്രീ ടയർ എസി കോച്ചുമാണ് ഉണ്ടാവുക.
Post Your Comments