Latest NewsIndia

ഒരുകാലത്ത് ബംഗാൾ അടക്കിവാണ സിപിഎമ്മിന് തെരുവിലിറങ്ങിയാൽ തല്ലുകൊള്ളുന്ന അവസ്ഥ! ഇന്നലെ കൊല്ലപ്പെട്ടത് 2 സിപിഎം പ്രവർത്തകർ

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ മൂന്നര പതിറ്റാണ്ടോളം കൊടികുത്തിവാണ സിപിഎമ്മിന് തെരുവിലിറങ്ങിയാൽ തല്ലുകൊള്ളുന്ന അവസ്ഥ. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസവും സിപിഎം പ്രവർത്തകർക്ക് നേരേ ആക്രമണമുണ്ടായി. സിപിഎം അനുഭാവികൾക്ക് നേരേ നടന്ന ആക്രമണത്തിൽ രണ്ട് സിപിഎമ്മുകാർ കൊല്ലപ്പെട്ടെന്ന് മുതിർന്ന നേതാവ് ബിമാൻ ബോസ് വ്യക്തമാക്കി.

ബം​ഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംഘർഷത്തിലാണ്. ഇന്നലെ ദിൻജാപൂർ ജില്ലയിലെ ചോപ്രയിലെ കാതൽബാരിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിനിടെയാണ് ഇടതു- കോൺഗ്രസ് അനുഭാവികളുടെ റാലിക്ക് നേരെ ആക്രമണമുണ്ടായത്. റാലിക്ക് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിമാൻ ബോസ് പറഞ്ഞു.

സംഘർഷത്തിൽ 20-ഓളം സിപിഎം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സംസ്ഥാന സർക്കാർ മരണം സംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല. തൃണമൂൽ കോൺഗ്രസ് ഗുണ്ടകളുമായി പോലീസ് സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആരോപിച്ചു.

‘വടക്കൻ ദിനാജ്പൂരിലെ ചോപ്ര ബ്ലോക്കിൽ പ്രവർത്തകർക്കും സ്ഥാനാർത്ഥികൾക്കും നേരെ തൃണമൂൽ ഗുണ്ടകൾ വെടിയുതിർക്കുകയായിരുന്നു. ഇടതു-കോൺഗ്രസ് അനുഭാവികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി ബ്ലോക്ക് ഓഫീസിലേക്ക് പോകുകയായിരുന്നു’, സലീം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ഭരണത്തിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭീകരതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയത്തിനെതിരെ ജനകീയ പ്രതിരോധം ഉണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.

ജൂലായ് എട്ടിനാണ് ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുക. അക്രമം വ്യാപകമായ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

34 വർഷമാണ് സിപിഎം പശ്ചിമ ബം​ഗാളിൽ തുടർച്ചയായി ഭരണം നടത്തിയത്. സോഷ്യലിസം തങ്ങളുടെ പ്രത്യയശാസ്ത്രമാണെന്ന് പറയുമെങ്കിലും സിപിഎം ഭരണത്തിൽ ബം​ഗാളിലെ ജനങ്ങൾക്ക് അനുഭവിക്കാൻ കഴിഞ്ഞത് മറ്റ് പലതുമായിരുന്നു. ആ സമയത്ത്, വ്യവസായം സംസ്ഥാനത്ത് നിന്ന് പലായനം ചെയ്തു, കാർഷിക വളർച്ച കുറഞ്ഞു, ബംഗാളിലെ ദരിദ്രർ മറ്റ് മിക്ക സംസ്ഥാനങ്ങളിലെയും ദരിദ്രരെ അപേക്ഷിച്ച് മോശമായ ജീവിത സാഹചര്യത്തിലേക്ക് കൂപ്പുകുത്തി.

ആരോഗ്യപരിപാലനവും വിദ്യാഭ്യാസവും നശിച്ചു. കൃഷി നഷ്ടം മാത്രം വിളയുന്ന പ്രവർത്തിയായി. രാഷ്ട്രീയ അക്രമങ്ങൾ നിത്യസംഭവമായി. മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും കൂടുതൽ ആളുകൾ പട്ടിണി കിടക്കുന്നത് ബം​ഗാളിലാണെന്ന് ബം​ഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ തന്നെ ഒരിക്കൽ പറഞ്ഞിരുന്നു. ഒ‌ടുവിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺ​ഗ്രസ് സിപിഎമ്മിന്റെ ഭരണത്തിന് അറുതിവരുത്തി. ഇന്ന് തനിച്ച് മത്സരിക്കാൻ പോലും ശേഷിയില്ലാതെ സിപിഎം കോൺ​ഗ്രസുമായി ചേർന്നാണ് തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. അതിനിടയിലാണ് തൃണമൂൽ പ്രവർത്തകരുടെ അതിക്രമങ്ങളെ നേരിടേണ്ടി വരുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button