കോടികളുടെ വിദേശ ഓർഡർ കരസ്ഥമാക്കി കൊച്ചിൻ ഷിപ്പ്‌യാര്‍ഡിന്റെ ഉപകമ്പനിയായ ഉടുപ്പി കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്. റിപ്പോർട്ടുകൾ പ്രകാരം, നോർവേയിലെ വിൽസൺ ഷിപ്പ് ഓണറിംഗ് എഎസ് എന്ന കമ്പനിയാണ് കപ്പൽ നിർമ്മിക്കുന്നതിനായി 580 കോടി രൂപയുടെ ഓർഡർ നൽകിയത്. പുതുതലമുറയിൽപ്പെട്ട 3,800 ടൺ ഭാരമുള്ള ആറ് ഡീസൽ ഇലക്ട്രിക് ചരക്ക് കപ്പലുകൾ നിർമ്മിച്ച് നൽകാനാണ് ഓർഡർ. അതേസമയം, കരാർ പൂർത്തിയാക്കിയതിനു ശേഷം, പിന്നീട് 8 കപ്പലുകളുടെ നിർമ്മാണത്തിന് കൂടി ഓർഡർ നൽകാൻ കരാറിൽ വ്യവസ്ഥയുണ്ട്.
യൂറോപ്പിലെ ഉൾനാടൻ, തീരദേശ ജലഗതാഗത്തിന് ഉപയോഗിക്കാൻ പാകത്തിലുള്ള കപ്പലുകളാണ് നിർമ്മിക്കുക. നെതർലാൻഡ്സ് കമ്പനിയായ കോണോഷിപ് ഇന്റർനാഷണലാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കരാർ അനുസരിച്ച്, ആദ്യ കപ്പൽ 2024 ഡിസംബറിലാണ് നിർമ്മിച്ച് നൽകുക. ബാക്കിയുള്ളവ 2026 മാർച്ചിന് മുൻപായി കൈമാറുന്നതാണ്. യൂറോപ്പിൽ പ്രതിവർഷം 1.5 കോടി ടൺ ഡ്രൈ കാർഗോ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് വിൽസൺ ഷിപ്പ് ഓണറിംഗ്. നിലവിൽ, വിവിധ വലുപ്പത്തിലുള്ള 130 കപ്പലുകളാണ് കമ്പനിക്ക് സ്വന്തമായിട്ടുള്ളത്.
Also Read: സോഷ്യല്‍ മീഡിയ ഹീറോ മുഹമ്മദ് ഷയാന്‍ അലി ഹിന്ദുമതം സ്വീകരിച്ചു
Post Your Comments