കണ്ണൂര്‍: കേരളത്തിലെ തടവുകാരില്‍ പ്രത്യേക പരിഗണന ലഭിക്കുന്നവരാണ് ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ എന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ടിപി കേസിലെ പ്രതികളെ വഴിവിട്ട് സഹായിക്കാൻ വേണ്ടിയുള്ള ശ്രമങ്ങള്‍ പലതവണ സര്‍ക്കാറില്‍ നിന്നു തന്നെ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവര്‍ക്ക് പരോള്‍ അനുവദിക്കുന്നതും വഴിവിട്ടാണെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാൽ ഇതൊക്കെയായിട്ടും അഴിക്കുള്ളില്‍ കിടന്ന് പുറത്തുള്ള സംഘങ്ങളെ നിയന്ത്രിക്കുകയാണ് ടി പി കേസിലെ പ്രതികള്‍.
ഇത്തരത്തില്‍ കേരളത്തിലേക്ക് തോക്ക് കടത്തിയ കേസില്‍ ടി.പി വധക്കേസ് പ്രതി ടി.കെ രജീഷിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്നാണ് ബംഗളൂരുവില്‍ നിന്നെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ നിര്‍ദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയ കേസിലാണ് പൊലീസ് നടപടി.
കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് മലയാളികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ടി.കെ രജീഷിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തോക്ക് കൊണ്ടു പോകുന്നതെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക കോടതിയുടെ അറസ്റ്റ് വാറന്റുമായാണ് പൊലീസ് സംഘം കണ്ണൂരിലെത്തിയത്. രജീഷിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ തോക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ.
കഴിഞ്ഞദിവസം വൈകീട്ട് ബെംഗളൂരുവില്‍ നിന്നെത്തിയ പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടപടിക്രമങ്ങള്‍ അരമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി നാലരയോടെ രജീഷുമായി കര്‍ണാടകയിലേക്ക് തിരിച്ചു. തോക്ക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചോദ്യംചെയ്യുന്നതിനാണ് കോടതി ഉത്തരവുമായി കര്‍ണാടക പൊലീസ് കണ്ണൂര്‍ സെൻട്രല്‍ ജയിലിലെത്തിയത്.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട് മഹാരാഷ്ട്രയിലെ ഒരുഗ്രാമത്തില്‍ രഹസ്യമായി താമസിക്കുന്നതിനിടയിലാണ് പ്രത്യേക അന്വേഷണസംഘം രജീഷിനെ പിടിച്ചത്. ടി.കെ. എന്ന് വിളിപ്പേരുള്ള കണ്ണൂര്‍ പൊന്ന്യം സ്വദേശിയായ ഇയാള്‍ ടി.പി. വധക്കേസിലെ നാലാം പ്രതിയാണ്.
അതേസമയം ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായി അന്വേഷണ ഏജൻസികള്‍ കണ്ടെത്തിയിരുന്നു. ടി.പി. വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. രേഖകളില്ലാതെ സ്വര്‍ണം വാങ്ങാൻ വിസമ്മതിച്ചയാളെ ഫോണില്‍ ഭീഷണിപ്പെടുത്തിയതിന് 2018-ല്‍ പരോളിലിറങ്ങിയ കൊടി സുനിക്കെതിരേ കേസെടുത്തിരുന്നു. കിര്‍മാണി മനോജിനെ വയനാട്ടിലെ ലഹരിപാര്‍ട്ടിയില്‍വെച്ച് പൊലീസ് അറസ്റ്റുചെയ്ത സംഭവവുമുണ്ടായി.
ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരില്‍ കൊടി സുനിയും റഫീഖും ഒഴികെയുള്ള 8 പ്രതികള്‍ക്ക് നിരവധി തവണ പരോള്‍ അനുവദിച്ചിരുന്നു. പി.കെ.കുഞ്ഞനന്തൻ മരിച്ചതോടെ 10 പ്രതികളാണ് ഇപ്പോഴുള്ളത്. ജയില്‍വാസത്തിനിടെ കേസുകളില്‍പെട്ട കൊടി സുനി ഒഴികെയുള്ളവര്‍ക്കെല്ലാം ഒന്നാം കോവിഡ് വ്യാപനത്തില്‍ സര്‍ക്കാര്‍ പ്രത്യേക അവധി നല്‍കിയിരുന്നു.
Leave a Comment