ഹവാന: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ കനത്ത വെള്ളപ്പൊക്കം. ഗ്രാൻമ, ലാസ് ടു നാസ്, സാന്റിയാഗോ ഡി ക്യൂബ, കാമാഗ്യു പ്രവിശ്യകളിലാണ് വലിയ വെള്ളപ്പൊക്കം ഉണ്ടായത്.
മധ്യ കിഴക്കൻ മേഖലയില്‍ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചു. സൈനിക ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം സ്ഥലത്ത് തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ ക്യൂബയിലെ ചില പ്രദേശങ്ങളിലെ പാലങ്ങളും റോഡുകളും തകര്‍ന്നു. ബയാമോ നദി കരകവിഞ്ഞൊഴുകിയതും പ്രളയത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു.
ഗ്രാൻമ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഈ പ്രദേശത്തെ 1000-ത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും 279 എണ്ണം ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നതായും പ്രവിശ്യ ഗവര്‍ണര്‍ പറഞ്ഞു. ജനുവരി 8ന് തുടങ്ങിയ മഴയെ തുടര്‍ന്ന് ഇതുവരെ 7,259 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ക്യൂബ നേരിടുന്നത് വലിയ പ്രകൃതി ദുരന്തമാണ് എന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റിപ്പോര്‍ട്ട് അനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റുകയാണ്. വീടുകളില്‍ നിന്നും സ്ത്രീകളെയും കുട്ടികളെയും ബന്ധുക്കളുടെ വീടുകളിലേയ്‌ക്കും അഭയാര്‍ത്ഥി ക്യാമ്ബുകളിലേയ്‌ക്കും മാറ്റുകയാണ്.
Post Your Comments